'ഇന്ത്യയുടെ വാക്‌സിന്‍ നയം എന്താണ്?.. ഫെഡറല്‍ തത്വങ്ങള്‍ മറക്കരുത്, രാജ്യത്ത് ഒറ്റ വാക്‌സിന്‍ വില വേണം': കേന്ദ്രത്തിന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി

 'ഇന്ത്യയുടെ വാക്‌സിന്‍ നയം എന്താണ്?.. ഫെഡറല്‍ തത്വങ്ങള്‍ മറക്കരുത്, രാജ്യത്ത് ഒറ്റ വാക്‌സിന്‍ വില വേണം': കേന്ദ്രത്തിന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി രാജ്യത്ത് ഒറ്റ വാക്‌സിന്‍ വില വേണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണമെന്നും വാക്‌സിന്‍ നയത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ത്യയുടെ വാക്‌സിന്‍ നയം എന്താണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഏജന്‍സി ആയിട്ടാണ് ആണോ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങി നല്‍കുകയാണോ ചെയ്യുന്നതെന്നും ചന്ദ്രചൂഡ് ചോദിച്ചു.

സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കാണോ വാങ്ങുന്നതെന്ന് ചോദിച്ച കോടതി കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ പ്രകാരമല്ലേ പ്രവര്‍ത്തിക്കേണ്ടതെന്നും ചോദിച്ചു. അങ്ങനെയെങ്കില്‍ കേന്ദ്രം വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും സംസ്ഥാനങ്ങളെ നിരാലംബരാക്കരുതെന്നും പറഞ്ഞു.

ഈ ദേശീയ അടിയന്തര ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന് ഒട്ടാകെ വാക്‌സിന്‍ നല്‍കണം. സംസ്ഥാനങ്ങള്‍ ആപത്ത് ഘട്ടത്തിലാണ്. നിങ്ങള്‍ അവരോട് ആഗോള തലത്തില്‍ വാക്‌സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വ്യക്തമാക്കണം. എങ്കില്‍ മാത്രമേ ഇതില്‍ ഒരു വ്യക്തത വരൂ എന്ന് കേസ് കേള്‍ക്കുന്ന മൂന്നാംഗ ബെഞ്ച് പറഞ്ഞു.

ഫൈസര്‍ പോലുള്ള വാക്‌സിന്‍ കമ്പനികളുമായി സംസാരിക്കുന്നുണ്ടെന്ന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ശ്രമങ്ങള്‍ വിജയിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്്‌സിനേഷന്‍ നടപടികളില്‍ വന്‍ മാറ്റമുണ്ടാകും.

അതിനിടെ കോവിന്‍ ആപ്പിനെയും കോടതി വിമര്‍ശിച്ചു. കോവിന്‍ രജിസ്ട്രേഷന്‍ ഇപ്പോഴും നിര്‍ബന്ധമല്ലേയെന്ന് സുപ്രിം കോടതി ചോദിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ ഇല്ലാത്തവര്‍ക്ക് സെന്ററുകളില്‍ പോയി രജിസ്റ്റര്‍ ചെയ്യാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടിയായി അറിയിച്ചു. ഇത് പ്രയോഗികമാണോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

ആറ് മാസത്തിനകം മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വൈറസ് വകഭേദം വരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ആ തരത്തിലാണ് പറയുന്നതെന്നും ഡിസംബറിലോ പരമാവധി ജനുവരിയിലോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ജയ്ദീപ് ഗുപ്ത കോടതിയല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.