കേരളത്തിന്റെ നെല്ലറയെ സംരക്ഷിക്കാന്‍ വമ്പന്‍ ക്യാമ്പയിന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കേരളത്തിന്റെ നെല്ലറയെ സംരക്ഷിക്കാന്‍ വമ്പന്‍ ക്യാമ്പയിന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആലപ്പുഴ: ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ്കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട്.പ്രളയം കുറച്ചൊന്നുമല്ല കുട്ടനാടിനെ ദുരിതത്തില്‍ ആഴ്ത്തിയത്. കൃഷിയും വളര്‍ത്തു മൃഗങ്ങളും അങ്ങനെ പ്രിയപ്പെട്ട എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാരന്റെ ദുരിതങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ ഒരുപാട് വന്നുപോയി. ഒന്നിനും കുട്ടനാടിനെ കരകയറ്റാന്‍ ആയില്ല. കുട്ടനാടിന്റെ ദുരവസ്ഥയില്‍ മനം നൊന്ത് സോണിച്ചന്‍ വര്‍ഗീസ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആരംഭിച്ച 'കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ' എന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാമ്പയിനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ഓരോ വര്‍ഷങ്ങളിലും ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനവിഭാങ്ങളുടെ രക്ഷയ്ക്കായി സോഷ്യല്‍ മീഡിയയില്‍ ശക്തമായ കാമ്പയിനുകളാണ് നടക്കുന്നത്. സമുദ്ര നിരപ്പിന് താഴെയുള്ള ഇന്ത്യയിലെ ഏക പ്രദേശമാണ് പ്രകൃതി രമണീയമായ കുട്ടനാട്. എല്ലാ നാടുകളിലും കൃഷിസ്ഥലങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്ത് നല്‍കുമ്പോള്‍ കൃഷിസ്ഥലത്ത് നിന്നും വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളയുന്ന ലോകത്തെ അപൂര്‍വ കൃഷിപ്രദേശങ്ങളില്‍ ഒന്നാണ് കുട്ടനാട്.

കൃഷിയും മത്സ്യബന്ധനവും ഉപജീവന മാര്‍ഗമാക്കിയ കുട്ടനാട്ടിലെ ജനങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ദുരിതത്തിലാണ്. അശാസ്ത്രീയ വികസനപ്രവര്‍ത്തനങ്ങളും, കേന്ദ്ര സംസഥാന സര്‍ക്കാരുകളുടെ അവഗണനയും കുട്ടനാട്ടുകാരെ കുറച്ചൊന്നുമല്ല കണ്ണീരിലാഴ്ത്തിയത്. കാലവര്‍ഷം തുടങ്ങുമ്പോള്‍ മുതല്‍ നാലഞ്ച് മാസങ്ങളോളം കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലാണ്.കൃഷി നാശവും, യാത്രാ ദുരിതവും, കുടിവെള്ള ക്ഷാമവും കുട്ടനാട്ടിലെ ജീവിതം നരക തുല്യമാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ change.org എന്ന പ്ലാറ്റ് ഫോമില്‍ക്കൂടിയാണ് കേരള മുഖ്യമന്ത്രി സമക്ഷം പരാതി സമര്‍പ്പിക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം ധാരാളംആളുകളാണ് കുട്ടനാട്ടില്‍ നിന്നും കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്. ഇക്കാരണത്താല്‍ തന്നെ കുട്ടനാടിന്റെ സാമൂഹിക സന്തുലിതാവസ്ഥ അപകടത്തിലാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടനാട്ടില്‍ തന്നെ ജീവിച്ച്, അവിടെ തന്നെ മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ക്യാമ്പയിനിലൂടെ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യം.

കൂടാതെ എസി കനാല്‍ തുറക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുക, കെസി പാലം പൊളിച്ച് മാറ്റുക, കുട്ടനാട് പാക്കേജ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക, കുട്ടനാട് കുടിവെള്ള പദ്ധതി നടപ്പിലാക്കുക, തോടുകളിലേയും ആറുകളിലേയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, കുട്ടനാട്ടിലെ ജലാശയങ്ങളില്‍ അടിഞ്ഞുകൂടുന്ന മണല്‍, മാലിന്യങ്ങള്‍, പായലുകള്‍ നീക്കം ചെയ്യാനുള്ള സ്ഥിരം സംവിധാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍.

സോഷ്യല്‍ മീഡിയയിലൂടെ ധാരാളം ആളുകള്‍ ഈ വിഷയത്തില്‍ പ്രത്യേക കാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ കുട്ടനാട്ടുകാര്‍ ഒരുമിച്ച് നിന്നാല്‍ മനോഹരമായ ഈ പ്രദേശത്തെയും ഇവിടുത്തെ ജനങ്ങളെയും സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നവരുടെ പ്രതീക്ഷ. ലോകമെമ്പാടുമുള്ള കുട്ടനാട്ടിലെ ജനങ്ങള്‍ ഒന്നടങ്കം ഈ ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതൊരു വലിയ മുന്നേറ്റം ആകാന്‍ വേണ്ടി ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അവര്‍ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി.

#saveKuttanad


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.