ബൈക്കില്‍ ഒരു തീര്‍ഥയാത്ര; ഓസ്‌ട്രേലിയയില്‍ വി. യൗസേപ്പിന്റെ പള്ളികളിലൂടെ ബ്രാങ്കോയും സംഘവും

ബൈക്കില്‍ ഒരു തീര്‍ഥയാത്ര; ഓസ്‌ട്രേലിയയില്‍ വി. യൗസേപ്പിന്റെ പള്ളികളിലൂടെ ബ്രാങ്കോയും സംഘവും

സിഡ്‌നി: വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തില്‍ വ്യത്യസ്തമായൊരു തീര്‍ഥാടനത്തിനൊരുങ്ങുകയാണ് ന്യൂ സൗത്ത് വെയില്‍സിലെ ബൈക്ക് റൈഡറായ ബ്രാങ്കോ പോള്‍ജാക്കിന്റെ നേതൃത്വത്തിലുള്ള സംഘം. ബൈക്കില്‍ മൂന്നു ദിവസം കൊണ്ട് 800 കിലോമീറ്റര്‍ സഞ്ചരിച്ച് വി. യൗസേപ്പിന്റെ നാമത്തിലുള്ള ഏഴു പള്ളികള്‍ സന്ദര്‍ശിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. അതിനായി റൈഡ് ഫോര്‍ സെന്റ് ജോസഫ് എന്ന കാമ്പയിന്‍ ആരംഭിച്ചുകഴിഞ്ഞു.

ജൂണ്‍ 11-നാണ് ഓട്ലിയിലെ സെന്റ് ജോസഫ് പള്ളിയില്‍നിന്ന് യാത്ര ആരംഭിക്കുന്നത്. ബുള്ളി, കംഗാരു വാലി, ഓറഞ്ച്, മെഗലോംഗ് വാലി എന്നിവിടങ്ങളിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേമ്പര്‍ഡൗണില്‍ യാത്ര പൂര്‍ത്തിയാകും. കാര്‍കോറിലെ അമലോല്‍ഭവ മാതാ പള്ളിയും സംഘം സന്ദര്‍ശിക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിള്‍ മിനിസ്ട്രിയുടെ സഹകരണത്തോടെ നടത്തുന്ന ബൈക്ക് റൈഡില്‍ തന്നോടൊപ്പം ചേരാന്‍ അദ്ദേഹം മറ്റുള്ളവരെയും ക്ഷണിക്കുന്നു. നിരവധി പേരാണ് തീര്‍ഥാടനയാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.



വിശുദ്ധ യൗസേപ്പിതാവിനെ ആഗോള കത്തോലിക്ക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 2021 യൗസേപ്പ് പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നത്. അതിനാലാണ് ഈ വര്‍ഷം പിതാവിന്റെ നാമധേയത്തിലുള്ള പള്ളികള്‍ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തത്. ഓരോ പള്ളിയിലും ഒരു മണിക്കൂര്‍ വീതം ചെലവഴിക്കാനാണു തീരുമാനം. വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള ലുത്തിനിയ ചൊല്ലിയും 150-ാം വാര്‍ഷികത്തില്‍ യൗസേപ്പിതാവിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ അപ്പസ്‌തോലിക ലേഖനമായ പാട്രിസ് കോര്‍ഡ് (ഒരു പിതാവിന്റെ ഹൃദയത്തോടെ) ധ്യാനിച്ചുമാണ് തീര്‍ഥാടനം നടത്തുകയെന്ന് ബ്രാങ്കോ പറഞ്ഞു. മൂന്നു ദിവസത്തെ യാത്രയില്‍ രണ്ടു രാത്രികള്‍ പള്ളികളില്‍ താമസിക്കും.

ജീവിതത്തിലെ ഒരു നിര്‍ണായക സമയത്തെ ദൈവീക ഇടപെടലാണ് ദൈവത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചത്. വിവാഹം കഴിഞ്ഞ നാളുകളില്‍തന്നെ ബ്രാങ്കോയും ഭാര്യയും കലഹം തുടങ്ങി. വഴക്ക് മൂത്ത് വിവാഹമോചനത്തിന്റെ വക്കിലെത്തി. ആ സമയത്താണ് ഒരു കന്യാസ്ത്രീയെ ഇരുവരും കണ്ടുമുട്ടുന്നത്. കന്യാസ്ത്രീയുടെ നിര്‍ദേശപ്രകാരം കത്തോലിക്ക വിശ്വാസികളായ ദമ്പതികള്‍ ധ്യാനത്തില്‍ പങ്കെടുത്തു. തന്റെ ജീവിതത്തെയും വിശ്വാസത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചത് ആ ധ്യാനമായിരുന്നുവെന്ന് ബ്രാങ്കോ ഓര്‍ക്കുന്നു.

ദൈവീക അനുഗ്രഹം ആവോളം ലഭിച്ച ദമ്പതികള്‍ അവരുടെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ദാനമായി ലഭിച്ച ആറ് കുട്ടികളുമായി സന്തോഷപൂര്‍ണമാണ് ബ്രാങ്കോയുടെ ജീവിതം. അന്നുമുതല്‍ തന്റെ അനുഭവവും ദൈവത്തില്‍നിന്ന് ലഭിച്ച കൃപകളും മറ്റുള്ളവരുമായി പങ്കുവെക്കാന്‍ അദ്ദേഹം ബൈക്കില്‍ യാത്രകള്‍ നടത്തുന്നു. അതിലൂടെ മറ്റുള്ളവരുടെ വിശ്വാസവും ശക്തിപ്പെടുത്തുന്ന ദൈവീക വേലയില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തുന്നു.



ബ്രാങ്കോ പോള്‍ജാക്കും (വലത്തേയറ്റം) സംഘവും.

ജീവിതം എല്ലായ്‌പ്പോഴും ഒരു കഠിനമേറിയ പാതയാണ്, പ്രാര്‍ഥനയോടെ മുന്നോട്ടുപോവുക'. വിശ്വാസതീക്ഷ്ണതയോടെ ബ്രാങ്കോ ഇതു പറയുന്നത് സ്വന്തം അനുഭവങ്ങളുടെ പിന്‍ബലത്തിലാണ്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടപ്പോഴും വിശ്വാസമെന്ന ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ചാണ് അദ്ദേഹം മുന്നോട്ടുപോയത്.

'ഞങ്ങളുടെ ദാമ്പത്യം പ്രതിസന്ധിയിലായപ്പോള്‍ കാര്‍കോര്‍ എന്ന സ്ഥലത്തുവച്ചു നടന്ന ധ്യാനത്തിലാണ് പങ്കെടുത്തത്. ഈ തീര്‍ഥാടനം കാര്‍കോര്‍ അമലോല്‍ഭവ മാതാ പള്ളി സന്ദര്‍ശിച്ചാണ് കടന്നുപോകുന്നത്. അവിടെ വച്ചാണ് ക്രിസ്തുവിനെപ്പോലെ, ഞങ്ങളും മരിച്ച
അവസ്ഥയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റത്.

'എന്റെ ഓരോ പ്രവര്‍ത്തികളിലൂടെയും ഞാന്‍ എന്റെ വിശ്വാസം പങ്കുവയ്ക്കുന്നു. അത് കേവലം മനസിന്റെ ഉള്ളില്‍ മാത്രം സൂക്ഷിക്കേണ്ട ഒന്നല്ലെന്നു ഞാന്‍ കരുതുന്നു. ഇനി എല്ലാ വര്‍ഷവും ഇതുപോലുള്ള തീര്‍ഥാടന യാത്രകള്‍ നടത്താനാണ് ആഗ്രഹമെന്ന് ബ്രാങ്കോ പറഞ്ഞു.


ബ്രാങ്കോ പോള്‍ജാക്കും കുടുംബവും

ബ്രാങ്കോയുടെ വാരാന്ത്യങ്ങള്‍ കുടുംബവുമൊത്തുള്ളതാണ്. ആ സന്തോഷത്തേക്കാള്‍ മികച്ചത് മറ്റൊന്നില്ലെന്ന് അദ്ദേഹം പറയുന്നു. 'ഞാനും ഭാര്യയുമൊത്തുള്ള ജീവിതയാത്ര ആരംഭിച്ചതിനു പിന്നില്‍ ദൈവത്തിന് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. എന്റെ കഥ മറ്റുള്ളവരുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തു നല്‍കിയ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകാശനമാണ് ഈ യാത്രകള്‍. അതിനായി നല്ല കാലാവസ്ഥയും പ്രതീക്ഷാനിര്‍ഭരമായ ഹൃദയങ്ങളും കര്‍ത്താവ് എനിക്കായി ഒരുക്കിവയ്ക്കുന്നു-ബ്രാങ്കോ പറഞ്ഞുനിര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.