ദുബായ് സഫാരി പാർക്കിന് ഇടവേള, കൂടുതല്‍ കാഴ്ചകളുമായി മിഴിതുറക്കും സെപ്റ്റംബറില്‍

ദുബായ് സഫാരി പാർക്കിന് ഇടവേള, കൂടുതല്‍ കാഴ്ചകളുമായി മിഴിതുറക്കും സെപ്റ്റംബറില്‍


ദുബായ്: സഫാരി പാർക്ക് മൂന്ന് മാസക്കാലത്തേക്ക് അടച്ചു. ചൂട് കാലം തുടങ്ങുന്നതിനാലാണ് അടച്ചത്. വരുന്ന സെപ്റ്റംബറില്‍ കൂടുതല്‍ കൗതുക കാഴ്ചകളുമായി പാർക്ക് പ്രവർത്തനം പുനരാരംഭിക്കും. സന്ദ‍ർശകരെ രസിപ്പിക്കുന്ന കാഴ്ചകളുമായി പ്രവർത്തനം ആരംഭിക്കാനുളള ഒരുക്കങ്ങള്‍ നടക്കുകയാണ്. സിപ് ലൈന്‍, ബങ്കിജംപിംഗ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അഡ് വെച്ച‍ർ വാലി, പാർട്ടികള്‍ക്കായുളള സൗകര്യം, കുട്ടികള്‍ക്കായി സ്പാഷ് സോണ്‍ തുടങ്ങിയ ഒരുക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് ആന്‍റ് റിക്രിയേഷണല്‍ ഫെസിലിറ്റി ഡയറക്ടർ അഹമ്മദ് അല്‍ സറൗണി പറഞ്ഞു. 119 ഹെക്ററില്‍ ഒരുക്കിയിരിക്കുന്ന അതിവിശാലമായ സഫാരി പാർക്കില്‍ 3200 ഓളം മൃഗങ്ങളും പക്ഷികളുമുണ്ട്. ചൂട് കാലത്ത് സന്ദ‍ർശകരെ ഒഴിവാക്കി മൃഗങ്ങള്‍ക്ക് സ്വഭാവിക ആവാസ വ്യവസ്ഥ ഒരുക്കുകയാണ് ലക്ഷ്യം.

കോമ്പോ ഡ്രാഗണ്‍,സ്പൈറല്‍ ഹോണ്‍ഡ് ആന്‍റെലോപ്, അറേബ്യന്‍ ഓറിക്സ്, ആഫ്രിക്കന്‍ വന്യനായ, ഗൊറില്ല, ഗിബ്ബോണ്‍, ലെമ‍ർ തുടങ്ങി അപൂർവ്വ മൃഗങ്ങളേയും സഫാരി പാർക്കില്‍ കാണാം. ആഫ്രിക്കന്‍ വില്ലേജ്, ഏഷ്യന്‍ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ് എന്നിങ്ങനെ മൂന്ന് വില്ലേജുകളും സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ വില്ലേജുകളും പ്രത്യേക കാലാവസ്ഥയും ആ കാലാവസ്ഥയില്‍ ജീവിക്കുന്ന മൃഗങ്ങളേയും പ്രതിനിധീകരിക്കുന്നു. പുതിയ സീസണ്‍ ആരംഭിക്കുന്നതിനൊപ്പം സഫാരി പാർക്ക് പുതിയ അതിഥികളെയും കാത്തിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി 290 കുഞ്ഞ് അതിഥികളുടെ വരവാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണ്‍റെ ആരംഭത്തില്‍ നാല് സിംഹക്കുട്ടികളെ പാർക്ക് വരവേറ്റിരുന്നു.

കോവിഡിനിടയിലും സുരക്ഷ പാലിച്ച്​ നിരവധി പേർ പാർക്കിൽ എത്തി. 300000 പേർ കഴിഞ്ഞ വ‌ർഷം പാർക്ക് സന്ദ‍ർശിച്ചുവെന്നും അഹമ്മദ് അല്‍ സറൗണി പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഉള്‍ക്കൊളളാവുന്നതിന്‍റെ 30 ശതമാനമെന്ന രീതിയിലായിരുന്നു പ്രവേശന അനുമതി. ഇത്തവണ അത് 70 ശതമാനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാർക്ക്​ അടച്ചിടുന്ന സമയത്ത്​ സേവനങ്ങൾ നവീകരിക്കുകയും മൃഗങ്ങളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്തുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യും. പാർക്ക് അടയ്ക്കുന്നതിനോട് അനുബന്ധിച്ച് കലാപരിപാടികളും ഘോഷയാത്രകളും സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.