ഉയരക്കുറവ്, ഡോക്ടര്‍ക്ക് ഐപിഎസ് മോഹം നഷ്ടമായി; യോഗ്യതയില്‍ ഭേദഗതി വേണമെന്ന് അരുണാചല്‍ പ്രദേശ്

ഉയരക്കുറവ്, ഡോക്ടര്‍ക്ക് ഐപിഎസ് മോഹം നഷ്ടമായി; യോഗ്യതയില്‍ ഭേദഗതി വേണമെന്ന് അരുണാചല്‍ പ്രദേശ്

ഇറ്റാനഗര്‍: ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള ഉദ്യോഗാര്‍ഥികളുടെ ഉയരത്തില്‍ ഇളവ് വരുത്തമെന്ന് അരുണാചല്‍ പ്രദേശ്. ഇക്കാര്യം ആവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.

ഉയരക്കുറവ് മൂലം ഐപിഎസ് നഷ്ടമായ ഡോക്ടര്‍ ഒജിങ് ഡാമെംഗ് സമര്‍പ്പിച്ച ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍(CAT) തള്ളിയതിനെ തുടര്‍ന്നാണ് യോഗ്യതയില്‍ ഭേദഗതി ആവശ്യപ്പെട്ട് പേമ ഖണ്ഡു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് കത്തയച്ചത്. വെറും 2.5 സെന്റിമീറ്റര്‍ ഉയരക്കുറവ് കാരണം അരുണാചല്‍ സ്വദേശിയായ ഡോക്ടറിന് തന്റെ ഐപിഎസ് മോഹം ഉപേക്ഷിക്കേണ്ടി വന്നതായി അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

ചൈന അതിര്‍ത്തി ഗ്രാമമായ മിലാങ് സ്വദേശി ഒജിങ് ദാമെംഗ് 2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 644 -ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഐപിഎസ് ഓഫീസേഴ്സിന്റെ താത്ക്കാലിക പട്ടികയില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ രണ്ടാം റാങ്കും ഒജിങ് നേടിയിരുന്നു. എന്നാല്‍ 162.5 സെന്റിമീറ്റര്‍ ഉയരമുള്ള ഒജിങ് ശാരീരിക യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുറത്തായി. 165 സെന്റിമീറ്ററാണ് ഐപിഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത.

സെന്‍ട്രല്‍ സ്റ്റാന്‍ഡിങ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് 2018 ഓഗസ്റ്റില്‍ ഒജിങ് ക്യാറ്റില്‍ ഹര്‍ജി നല്‍കി. പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്ന ഗൂര്‍ഖ, അസാമിസ്, കുമാവോനി, നാഗ, ഗര്‍വാലി എന്നീ വിഭാഗക്കാര്‍ക്ക് ഐപിഎസ് തിരഞ്ഞെടുപ്പില്‍ 15 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഒജിങ് ഹര്‍ജിയില്‍ സൂചിപ്പിച്ചു. ഇളവിനര്‍ഹയുള്ള വിഭാഗത്തില്‍ ഒജിങ് ഉല്‍പ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2021 മേയ് 27 ന് ഒജിങ്ങിന്റെ ഹര്‍ജി ഇഅഠ തള്ളി.

സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ഐപിഎസ് സ്വപ്നത്തിന് ഈ വ്യവസ്ഥ തടസ്സമാണെന്ന് പേമ ഖണ്ഡു വ്യക്തമാക്കി. 1951 ല്‍ തയ്യാറാക്കിയതാണ് നിലവിലെ വ്യവസ്ഥകളെന്നും അരുണാചല്‍ പ്രദേശ് ഒരു സംസ്ഥാനമായി രൂപീകൃതമായത് 1987 ല്‍ മാത്രമാണെന്നും നേരത്തെ അസമിന്റെ കീഴിലായതിനാല്‍ അസമിലെ ഗോത്രവര്‍ഗക്കാരെന്ന പരിഗണനയില്‍ ലഭിച്ചിരുന്ന ഇളവുകള്‍ ഇപ്പോള്‍ സ്വതന്ത്രസംസ്ഥാനമായപ്പോള്‍ അരുണാചല്‍പ്രദേശിലെ പ്രാദേശിക ഗോത്രവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പേമ ഖണ്ഡു ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.