വത്തിക്കാന്‍ സിറ്റി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ദൈവിക ഐക്യം സ്‌നേഹത്തില്‍ അധിഷ്ഠിതമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഞായറാഴ്ച്ചയിലെ ത്രികാലപ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പന്തക്കുസ്ത തിരുനാളിനു ശേഷമുള്ള ഞായറാഴ്ച്ചയാണ് പരിശുദ്ധ ത്രിത്വത്തിന്റെ മഹോത്സവം ആഘോഷിക്കുന്നത്. ഈ തിരുനാളിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളില്‍ നാം ആഘോഷിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ദൈവിക ഐക്യത്തിന്റെ രഹസ്യമാണ്. ഏകദൈവ സത്തയിലെ മൂന്നു വ്യക്തിത്വങ്ങളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. മൂന്നു വ്യക്തിത്വങ്ങള്‍ ആണെങ്കിലും അവര്‍ മൂന്നു ദൈവങ്ങളല്ല. ഏകദൈവത്തിന്റെ മൂന്നു രൂപങ്ങളെന്നു വിശേഷിപ്പിക്കാം. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവം തന്നെ.
മൂന്നു വ്യക്തിത്വങ്ങള്‍ ഒന്നുചേരുന്ന ത്രിത്വത്തെ പ്രതിനിധാനം ചെയ്യുന്ന ദൈവിക രഹസ്യമാണ് ഈ തിരുനാളില്‍ യേശുക്രിസ്തു വെളിപ്പെടുത്തുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യപ്പെട്ടിരിക്കുന്നത് സ്‌നേഹത്താലാണ്.
പുത്രനെ നല്‍കിക്കൊണ്ട് പിതാവ് തന്നെത്തന്നെ സ്വയം ലോകത്തിനു നല്‍കി. പുത്രനാകട്ടെ തിരികെ എല്ലാം പിതൃഹിതത്തിനു സമര്‍പ്പിച്ചു. അവരുടെ ഐക്യത്തില്‍നിന്ന് ഉടലെടുക്കുന്ന സ്‌നേഹമാണ് പരിശുദ്ധാത്മാവ്. ഇത് മനസിലാക്കാന്‍ എളുപ്പമല്ലെങ്കിലും ഈ രഹസ്യം ജീവിതത്തില്‍ പ്രകടമാക്കാന്‍ കഴിയും, നമുക്കെല്ലാവര്‍ക്കും അതിനു സാധിക്കും.
യേശു ക്രിസ്തുതന്നെയാണ് ത്രിത്വത്തിന്റെ ഈ രഹസ്യം നമുക്കായി വെളിപ്പെടുത്തിത്തന്നത്. കരുണാമയനായ പിതാവായ ദൈവത്തിന്റെ മുഖം അവിടുന്നു നമുക്കു കാണിച്ചുതന്നു. നമുക്കായി ക്രിസ്തു യഥാര്‍ത്ഥ മനുഷ്യനായും ജീവന്‍ ത്യജിച്ച രക്ഷകനായും പിതാവിന്റെ വചനമായും ദൈവപുത്രനായും സ്വയം കാണിച്ചുതന്നു.
പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും സത്യത്തിന്റെ ആത്മാവും ജ്ഞാനദാതാവുമാണ് പരിശുദ്ധാത്മാവെന്ന് യേശു നമ്മോടു പറയുന്നു. ഈ തിരുനാളില്‍, സ്‌നേഹത്തിന്റെയും വെളിച്ചത്തിന്റെയും കൂട്ടായ്മയുടെയും അത്ഭുത രഹസ്യത്തെക്കുറിച്ച് നമുക്കു ധ്യാനിക്കാം. അതില്‍നിന്നാണ് നാം വന്നതും, ആ ലക്ഷ്യത്തിലേക്കാണ് നമ്മുടെ യാത്ര പോകുന്നതും.
സുവിശേഷ പ്രഘോഷണത്തിലും ക്രിസ്തീയ ദൗത്യത്തിന്റെ എല്ലാ മേഖലകളിലും ഈശോ കാണിച്ചുതന്ന ഐക്യം നമുക്ക് അവഗണിക്കാനാവില്ല. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തെ പിന്തുടരുകയെന്നത് ഓരോ ക്രൈസ്തവനെ സംബന്ധിച്ചും അത്യന്താപേക്ഷിതമാണെന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു.
പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യം ക്രിസ്ത്യാനിക്ക് അനിവാര്യമാണ്. ഇത് ഒരു മനോഭാവമോ പ്രകടനമോ മാത്രം അല്ല. ജീവനിലേക്കുള്ള ഏക മാര്‍ഗമാണ് ഐക്യം. സുവിശേഷത്തിന്റെ സൗന്ദര്യം വളരെ വ്യത്യസ്തതയുള്ള സമൂഹത്തില്‍ ജീവിക്കാനും സാക്ഷ്യം വഹിക്കാനും നമ്മോട് ആവശ്യപ്പെടുന്നു. ദൈവ സ്‌നേഹം, ദൈവീക കരുണ, ക്രിസ്തുവിന്റെ നീതീകരണം, പരിശുദ്ധാത്മാവിന്റെ നിറവ് എന്നിവയിലൂടെയാണ് ഐക്യം നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.