കോഴിക്കോട്: ന്യൂനപക്ഷക്ഷേമ സ്കോളർഷിപ്പുകളുടെ വിതരണത്തിലെ വിവേചനം ഒഴിവാക്കണമെന്നും ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്നുമുള്ള ഹൈക്കോടതി വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമങ്ങളും ഉയർത്തിപ്പിടിച്ച് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണം. കോടതി വിധിക്കെതിരെ അനാവശ്യ അപ്പീലുമായി പോകാതെ സർക്കാർ എത്രയും പെട്ടെന്ന് വിധി നടപ്പിൽ വരുത്തുവാൻ പരിശ്രമിക്കണമെന്നും സീറോ മലബാർ സഭ, ലത്തീൻ സഭ, കേരള കൗൺസിൽ ഓഫ് ചർച്ചസ്, യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ, നോൺ എപ്പിസ്കോപ്പൽ സഭ തുടങ്ങി മുപ്പതോളം സഭകളുടെയും സഭാ ഗ്രൂപ്പുകളുടെയും പ്രതിനിധികൾ അടങ്ങുന്ന ഐക്യവേദി ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തി നേട്ടം കൊയ്യാനുള്ള തൽപ്പരകക്ഷികളുടെ പരിശ്രമത്തെ ഒറ്റക്കെട്ടായി നിലകൊണ്ട് പരാജയപ്പെടുത്തുമെന്ന് സമിതി പ്രഖ്യാപിച്ചു. അർഹതപ്പെട്ട ഈ അവകാശങ്ങൾ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നഷ്ടപ്പെട്ടതുകൊണ്ടു കൂടിയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ജനസംഖ്യാ നിരക്കിൽ ക്രൈസ്തവ സമുദായം വളരെ പിന്നാക്കം പോയിരിക്കുന്നതെന്ന് സമിതി നിരീക്ഷിച്ചു.
വിധി നടപ്പിലാക്കുമ്പോൾ നിലവിലുള്ള എല്ലാ ക്രിസ്തീയ വിഭാഗങ്ങളോടും ഒപ്പം ലത്തീൻ പരിവർത്തിത ക്രൈസ്തവർ അടക്കമുള്ള വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഭൂപരിധി അടക്കമുള്ള വരുമാന സ്രോതസുകൾ കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് സമിതി ഓർമിപ്പിച്ചു.
യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ പ്രതിനിധി റവ. ഡോ. ജോൺസൺ തേക്കടയിൽ, സീറോ മലബാർ സഭാ വക്താവ് ഡോ. ചാക്കോ കാളംപറമ്പിൽ, കേരള ലാറ്റിൻ ക്രിസ്ത്യൻ സമിതി സെക്രട്ടറി അഡ്വ. ഷെറി തോമസ്, കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്, നോൺ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി ബാലസുബ്രഹ്മണ്യൻ, ഹൈക്കോടതി വിധി സമ്പാദിച്ച അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക്ക് ജോസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.