അഹമ്മദാബാദ്: വിവാദമായ 'ദി ഗുജറാത്ത് സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചട്ട ഭേദഗതി 2021' ഗുജറാത്തില്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുക എന്നതാണ് ഈ നിയമ ഭേദഗതി വഴി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
കിരാതമായ ഈ നിയമ ഭേദഗതിയ്‌ക്കെതിരെ ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മുസ്ലീം, യൂദ, ജൈന സമുദായങ്ങളില്‍പ്പെട്ടവരും മറ്റ് ക്രൈസ്തവ സഭകളും ഭാഷാ ന്യൂനപക്ഷങ്ങളും നിയമ പോരാട്ടത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ നാല് രൂപതകളിലായി കാത്തലിക് മാനേജ്‌മെന്റിന്റെ കീഴില്‍ 181 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും പുതിയ ഭേദഗതിയോടെ ഇല്ലാതാകും. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയ നിയമനങ്ങളില്‍ മാനേജ്‌മെന്റിന്റെ അധികാരങ്ങള്‍ നഷ്ടമാകും. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സെന്‍ട്രല്‍ റിക്രൂട്ടിംഗ് കമ്മിറ്റി വഴി മെറിറ്റ് അടിസ്ഥാനത്തിലാകും പുതിയ നിയമനങ്ങള്‍.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്ന ടീച്ചേഴ്‌സ് ആപ്റ്റിറ്റിയൂട് ടെസ്റ്റ് (ടി.എ.ടി) വീണ്ടും പ്രാബല്യത്തില്‍ വരും. എല്ലാത്തിനും ഉപരിയായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തിക്കൊണ്ടു പോകുവാനുമുള്ള അവകാശവും നഷ്ടമാകും.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിഡന്‍ അജണ്ഡകളുടെയെല്ലാം പരീഷണ ശാലയായ ഗുജറാത്തില്‍ നിന്നു തന്നെയാണ് മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ കടന്നുകയറ്റമെന്നതും ഏറെ ശ്രദ്ധേയമാണ്. ഇന്ന് ഗുജറാത്ത്... നാളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എന്നതാണ് സംഘപരിവാര്‍ ശക്തികളുടെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.