കൊച്ചി: മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് പണം നല്‍കുന്നതെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള ചോദ്യം.
മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ വിഹിതം എത്ര?, ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ വിഹിതമെത്ര തുടങ്ങിയ കാര്യങ്ങള്‍ വിശദമായി സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാനുള്ള കേരള മദ്രസ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ആക്ട് (2019) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനു വേണ്ടി സര്‍ക്കാര്‍ വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിച്ചതായും 18 മുതല്‍ 55 വയസ് വരെയുള്ള മദ്രസ അധ്യാപകരെയാണ് അതില്‍ അംഗങ്ങളാക്കുന്നതെന്നും ഇവരില്‍ നിന്ന് മാസം 50 രൂപ മാത്രമാണ് വരിസംഖ്യയായി വാങ്ങുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഖുറാന്‍ വിദ്യാഭ്യാസം നല്‍കുന്ന, ഇസ്ലാം മതത്തിനു വേണ്ടി മാത്രമുള്ള മദ്രസകള്‍ക്കായി സര്‍ക്കാര്‍ ഇങ്ങനെ വന്‍ തുകകളാണ് ചെലവിടുന്നതെന്നും ഇത് ഭരണഘടനയ്ക്കും മതേതര സങ്കല്‍പ്പത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മതസ്ഥാപനം നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമെടുത്താണ് മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നത്. ഇത് തെറ്റായ നടപടിയാണ്, ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ 27,814 മദ്രസകളിലായി 2,04,683 മദ്രസ അധ്യാപകരുണ്ട്. പെന്‍ഷന്‍ 1500 മുതല്‍ 7500 രൂപ വരെയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. വിവാഹം, വീട് നിര്‍മ്മാണം, ചികിത്സ, പ്രസവം എന്നിവയ്ക്ക് പ്രത്യേക ധന സഹായവുമുണ്ട്. അംഗത്തിന്റെയോ രണ്ടു പെണ്‍മക്കളുടെയോ വിവാഹത്തിന് 10,000 രൂപയാണ് സഹായം. വീടുവയ്ക്കാന്‍ പലിശയില്ലാതെ രണ്ടര ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ചികിത്സയ്ക്ക് 5000 മുതല്‍ 25,000 രൂപ വരെ സഹായമുണ്ട്.
വനിതാ അധ്യാപകര്‍ക്ക് രണ്ടു പ്രസവങ്ങള്‍ക്ക് 15,000 രൂപ വീതം സഹായം. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന, മദ്രസ അധ്യാപകരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസിനു തുല്യമായ ഫീസും ലഭിക്കും. അംഗം മരണമടഞ്ഞാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ ശവ സംസ്‌കാരത്തിന് നല്‍കും. കുടുംബ പെന്‍ഷന്‍, ചികിത്സാ സഹായം എന്നിവയും ലഭിക്കും.
12,500 മദ്രസ അധ്യാപകര്‍ക്ക് കോവിഡ് സമാശ്വാസം ആയി 2000 രൂപ വീതം അനുവദിക്കുമെന്ന സര്‍ക്കാര്‍ നയ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിലും ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരു മതവിഭാഗത്തിന് മാത്രം സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും വിശദമായ നിലപാട് ഒരു മാസത്തിനകം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.