ഹൈദരാബാദ്: ആതുര സേവനം സാമൂഹിക സേവനമാണെന്ന് ജീവിതം കൊണ്ട് കാണിച്ചുതരികയാണ് ഹൈദരാബാദിലെ ഡോക്ടര്‍ വിക്ടര്‍ ഇമ്മാനുവല്‍. ചികിത്സയ്ക്കായി തന്നെ തേടിയെത്തുന്ന രോഗികളില്‍നിന്നു 10 രൂപ മാത്രം വാങ്ങിയാണ് വിക്ടര്‍ മാതൃകയാകുന്നത്. പണത്തെക്കാള്‍ താന്‍ രോഗികളുടെ ജീവനാണ് വിലകല്‍പ്പിക്കുന്നതെന്ന് ഇമ്മാനുവല്‍ പറയുന്നു.
2018 ലാണ് ഹൈദരാബാദിലെ ബോടുപ്പാലില്‍ ഡോക്ടര്‍ വിക്ടര്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചത്. തന്നെ തേടിവരുന്ന രോഗികളില്‍നിന്ന് 10 രൂപയായിരുന്നു അദ്ദേഹം വാങ്ങിച്ചിരുന്നത്. പണമില്ലാത്തവര്‍ക്ക് മരുന്നുകളും സൗജന്യമായി നല്‍കി. ജവാന്മാര്‍ക്ക് സൗജന്യ ചികിത്സ നല്‍കി അദ്ദേഹം രാജ്യസേവനത്തിലും പങ്കാളിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെ ചികിത്സിക്കാന്‍ വലിയ തുകയാണ് ഡോക്ടര്‍മാര്‍ വാങ്ങിക്കുന്നത്. എന്നാല്‍ ഐ.സി.യു കിടക്കകള്‍ പോലും രോഗികള്‍ക്ക് സൗജന്യമായി നല്‍കിയാണ് വിക്ടര്‍ ഇമ്മാനുവല്‍ ഈ മഹാമാരിക്കാലത്ത് മാതൃകയാകുന്നത്.
സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചതെന്ന് വിക്ടര്‍ ഇമ്മാനുവല്‍ പറയുന്നു. ഇതേതുടര്‍ന്നാണ് വര്‍ഷങ്ങളായി 10 രൂപ മാത്രം രോഗികളില്‍നിന്നു വാങ്ങുന്നത്. ജവാന്മാര്‍ക്ക് പുറമേ കര്‍ഷകര്‍, ആസിഡ് ആക്രമണത്തിന് ഇരകളായവര്‍, അനാഥര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും ചികിത്സ സൗജന്യമാണ്.
ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് തന്റെ ചിന്താഗതികളെ മാറ്റിമറിച്ചതെന്ന് ഇമ്മാനുവല്‍ പറയുന്നു. ഐ.സി.യുവിലുള്ള ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണത്തിനായി ആശുപത്രിക്കു മുന്നില്‍നിന്ന് ഒരു സ്ത്രീ യാചിക്കുന്നത് നേരില്‍ കണ്ടതാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. ആ സംഭവത്തിന് ശേഷമാണ് ഇത്തരമൊരു ക്ലിനിക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു.
10 രൂപ എന്നു കേട്ടതോടെ പേടി കാരണം തുടക്കത്തില്‍ ആരും തന്നെ ക്ലിനിക്കില്‍ എത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ആളുകള്‍ തന്റെ ക്ലിനിക് അന്വേഷിച്ച് എത്താന്‍ തുടങ്ങി. സൗജന്യ ചികിത്സ നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ സഹതാപത്തിന്റെ പേരിലാണ് ചികിത്സിക്കുന്നത് എന്ന തോന്നല്‍ രോഗികള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കരുതെന്നു കരുതിയാണ് പത്ത് രൂപ വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലിനിക്കിന് എല്ലാവിധ പിന്തുണയുമായി ഡോക്ടറായ ഭാര്യയും സുഹൃത്തുക്കളും ഡോ. വിക്ടറിന് ഒപ്പമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.