ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തിലെ അവ്യക്തതയില്‍ കേന്ദ്ര സര്‍ക്കാരിനെ വിടാതെ പിടികൂടി സുപ്രീം കോടതി. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനും അതില്‍ താഴെ പ്രായമുള്ളവര്‍ക്കു പണമടച്ച് വാക്‌സിനും നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം ഏകപക്ഷീയവും വിവേചനപരവുമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയം പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷി ആയി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
വാക്സിന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടിങ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്സിന്‍ സ്വീകരിക്കണമെന്ന നയത്തെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നയം 'പൂര്‍ണമായും ക്രൂരമാണെന്ന' നിരീക്ഷണവുമുണ്ടിയി. വാക്സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35000 കോടി രൂപ 44 വയസിന് താഴെ ഉള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേ എന്നും സുപ്രീം കോടതി ആരാഞ്ഞു.
സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.
ഇതുവരെ വാങ്ങിയ വാക്സിന്റെ മുഴുവന്‍ വിശദാംശങ്ങളും കോടതിക്ക് കൈമാറണം. കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് തുടങ്ങിയ വാക്സിനുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്. എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്സിന്‍ കുത്തിവച്ചു എന്ന് അറിയിക്കണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്ര പേര്‍ക്ക് പേര്‍ക്ക് വീതം വാക്സിന്‍ നല്‍കി എന്ന് അറിയിക്കണം.
ഡിസംബര്‍ 31 വരെയുള്ള വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് കൈമാറണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.