തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ തോറ്റെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കി ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 
 ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ജോസിനെ സജീവമായി നിര്‍ത്തി മധ്യതിരുവിതാംകൂര്‍ അടക്കം  യുഡിഎഫ് കോട്ടകളില്‍ വിളളല്‍ വീഴ്ത്തി 'മുന്നണിയുടെ പരിഷ്‌കാരമാണ്' സിപിഎം ലക്ഷ്യം ലക്ഷ്യം വയ്ക്കുന്നത്. 
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്‌കാര കമ്മിഷന്‍. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഫലത്തില്‍ മന്ത്രി സ്ഥാനത്തിനു തുല്യമാണ്. മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്താല്‍ മതി. ഒരു വകുപ്പിന്റെയും കീഴിലല്ല. മുപ്പത്തൊന്ന് ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന് ലഭിക്കും. 
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കിയില്ലെങ്കില്‍ കാര്‍ഷിക കമ്മിഷന്‍ രൂപീകരിച്ച് അധ്യക്ഷ പദവി നല്‍കുന്ന കാര്യവും സിപിഎമ്മിന്റെ ആലോചനയിലുണ്ട്. എന്നാല്‍ പുതുതായി കാര്‍ഷിക കമ്മിഷന്‍ രൂപീകരിക്കുന്നത് വിവാദത്തിന് ഇടയാക്കുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. 
കാര്‍ഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അധ്യക്ഷന് ക്യാബിനറ്റ് റാങ്കില്ല. കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സിപിഐയുടെ പക്കലുള്ള കൃഷിവകുപ്പിന് കീഴിലാണ് കാര്‍ഷിക കമ്മിഷന്‍ വരുകയെന്നതാണ് സിപിഎമ്മിനെ കുഴയ്ക്കുന്ന മറ്റൊരു പ്രതിസന്ധി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ  വൈക്കം വിശ്വനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാനായിരുന്നു സിപിഎം തീരുമാനം. പുതിയ സാഹചര്യത്തില്‍ സിപിഎം ഏറ്റെടുക്കുന്ന ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് വൈക്കം വിശ്വന് നല്‍കിയേക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.