ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്സിൻ 'വെറും തട്ടിപ്പ്': കേന്ദ്ര പ്രഖ്യാപനത്തിനെതിരെ മമത

ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്സിൻ 'വെറും തട്ടിപ്പ്': കേന്ദ്ര പ്രഖ്യാപനത്തിനെതിരെ മമത

കൊല്‍ക്കത്ത: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

'ആ അവകാശവാദം വെറും തട്ടിപ്പാണ്. കേന്ദ്രം ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്.
ബിഹാറിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ല'- മമത പറഞ്ഞു.

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ പരിഗണിച്ചാല്‍, അര്‍ഹരായ വിഭാഗത്തിലുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ വേണ്ടിവരുമെന്നും മമത പറഞ്ഞു.

വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സംഭരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന അഭിപ്രായ സമന്വയത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പട്‌നായിക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തോട് യോജിക്കുന്നതായും മമത അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാളിലെ 10കോടി വരുന്ന ജനസംഖ്യയില്‍ 1.4 കോടിയാളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാനായി. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. ലഭിക്കുന്ന കുറച്ച്‌ വാക്‌സിന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോകും.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയേ മതിയാകൂ എന്നും മമത കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.