വ്യോമ യാത്രികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം (ഭാഗം 2)

വ്യോമ യാത്രികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം (ഭാഗം 2)

ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നും വൈമാനികർ ബൈബിൾ വായിച്ചു : നാസ കുടുങ്ങി

അപ്പോളോ 11 മിഷൻ വഴി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തിയത് നമ്മൾ കണ്ടു, ഒപ്പം ആ പേടകത്തിൽ നടന്ന ഒരു മഹാ സംഭവവും. ആ സംഭവം അങ്ങേയറ്റം അതിശയത്തോടും കൗതുകത്തോടും കൂടി വായിച്ചറിഞ്ഞ ഒരാളാണ് ഞാൻ. അതുകൊണ്ടാണ് കഴിയുന്നത്ര എല്ലാവരെയും ഇത് അറിയിക്കണം എന്ന ആഗ്രഹത്തോടു കൂടി,സിന്യൂസ് വഴി ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ചത്. ആ മഹാസംഭവം ഒരു വാർത്ത ആക്കാതിരിക്കാൻ നാസ ശ്രമിച്ചു എന്ന് നമ്മൾ കണ്ടു. അവിടെ നടക്കുന്നത് എന്ത് എന്ന് വെളിപെടുത്തുന്നതിൽ നിന്നും ആൽഡ്രിനെ നാസ വിലക്കി. ആൽഡ്രിൻ ദിവ്യകരുണ്യം തന്റെ ഒപ്പം ചന്ദ്രനിലേക്ക് കൊണ്ടുപോയതും അവിടെ വച്ച് ദിവ്യകാരുണ്യം ഉൾക്കൊണ്ടതും, ബ്രോഡ്‌കാസ്റ് ചെയ്യാൻ എന്തുകൊണ്ട് നാസ വിസമ്മതിച്ചു? അതിന്റെ ഉത്തരം ലഭിക്കാൻ, അല്പം പിറകിലേക്ക് പോകണം, അപ്പോളോ 8 മിഷനിലേക്കു.

1968 ഡിസംബർ 21, അപ്പോളോ 8, മൂന്നു ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചു. അപ്പോളോ 8ന്റെ ലക്‌ഷ്യം ചന്ദ്രന്റെ ഭ്രമണതലത്തിൽ കൂടി ചുറ്റുക എന്നുള്ളതു മാത്രം ആയിരുന്നു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി, ചന്ദ്രന്റെ അടുത്ത് വരെ എത്തുക, ചന്ദ്രനെപ്പറ്റി കൂടുതൽ അറിയുക, അതിനനുസരിച്ചു 'ടെക്നോളജി' രൂപകൽപന ചെയ്യുക. അപ്പോളോ 8, ഭൂമി വിടുമ്പോൾ, അതിലുള്ള മൂന്നുപേരും തിരിച്ചെത്തും എന്ന്, ആർക്കും ഉറപ്പുണ്ടായിരുന്നില്ല. " ഡീപ് സ്പേസ്‌"ൽ എത്തിയ അവരെ ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഇനി താഴേക്ക് വലിക്കില്ല എന്ന് തിരിച്ചറിഞ്ഞു. മൂവരും അങ്ങേയറ്റം, കൗതുകത്തോടുകൂടി ചന്ദ്രന്റെ അടുത്തുനിന്നും, ഭൂമിയെ നോക്കി കണ്ടു. അതിമനോഹരമായ ആ കാഴ്ച അവരിൽ കൂടുതൽ കൗതുകം ഉളവാക്കി. ചന്ദ്രനെക്കാൾ കൂടുതലായി ഭൂമിയെപ്പറ്റി ചിന്തിക്കാൻ അത് അവരെ പ്രേരിപ്പിച്ചു. 10 മണിക്കൂർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ കൂടി സഞ്ചരിച്ചു , ഈ പ്രപഞ്ചത്തെയും അതിന്റെ നിഗൂഢതകളെയും കുറിച്ച് കൂടുതൽ ബോധവാന്മാരായ അവർ ,ഡിസംബർ 24ന് , ഒരു ലൈവ് ബ്രോഡ്‌കാസ്റ് ചെയ്തു, ചന്ദ്രമണ്ടലത്തിൽ നിന്നും ഭൂമിയിലേക്ക് : ഒരു ക്രിസ്തുമസ് സന്ദേശം ഭൂമിയിൽ ഉള്ളവർക്കായി. അവരുടെ സന്ദേശം മറ്റൊന്നും ആയിരുന്നില്ല. അവർ ചെയ്തുകൂട്ടിയ മഹാകാര്യങ്ങളോ, അവരുടെ കഴിവുകളോ, അവർ ചെയ്ത ത്യാഗങ്ങളോ ഒന്നും ആയിരുന്നില്ല . പകരം അവർ ചെയ്തത് ഇതാണ് ; ബൈബിൾ തുറന്ന് , ഉൽപ്പത്തി പുസ്തകം ഒന്നാം ആധ്യായം മൂന്ന് പേരും മാറി മാറി വായിച്ചു. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി....."(ഉല്പത്തി പുസ്തകം ഒന്നാം അധ്യായം ) . ഒടുവിൽ ഭൂമിയിൽ ഉള്ളവർക്ക് "മെറി ക്രിസ്മസ് "പറഞ്ഞു, ബ്രോഡ്‌കാസ്റ്റിംഗ്‌ അവസാനിപ്പിച്ചു . എത്ര മഹത്തായ ഒരു പ്രവർത്തി!

എന്നാൽ ഇത് ഭൂമിയിലുള്ള ചിലർക്ക് ദഹിച്ചില്ല .മാഡലിൻ മുറേ ഒഹയർ എന്ന നിരീശ്വരവാദിയും ആക്ടിവിസ്റ്റുമായ ഒരു സ്ത്രീ അവരുടെ ഭർത്താവുമായി ചേർന്ന് നാസക്കെതിരെ കേസ് കൊടുത്തു. മതത്തെയും രാഷ്ട്രത്തെയും കൂട്ടിക്കലർത്താൻ പാടില്ല എന്ന ഭരണഘടനാ നിയമം നാസ ലംഘിച്ചു എന്നതായിരുന്നു അവരുടെ വാദം. നാസ 'പ്രോ ക്രിസ്ത്യാനിറ്റി' ആണെന്നു അവർ ആരോപിച്ചു. ആ കേസ് തള്ളി പോയി. നാസ പറഞ്ഞ പ്രകാരമല്ല അവർ അതു വായിച്ചതെന്നും, വായിച്ചവർ അവരുടെ ഇഷ്ടത്തിന് ചെയ്തതാണെന്നും നാസ വാദിച്ചു. ആ മൂവർ സംഘത്തോട് നാസ ആവശ്യപ്പെട്ടത് ഒന്ന് മാത്രം ആയിരുന്നു, "ചന്ദ്ര മണ്ടലത്തിൽ നിന്നും നിങ്ങൾക്കി‌ഷ്ടമുളള, ഉചിതമായ ഒരു ക്രിസ്മസ് സന്ദേശം ഭൂമിയിലുള്ളവർക്കു കൊടുക്കുക". അവർക്കു, അതിലും ഉചിതമായ മറ്റൊരു സന്ദേശം ആ സമയത്തു കണ്ടെത്താൻ കഴിഞ്ഞിരിക്കില്ല.

വീണ്ടും അതുപോലുള്ള നിയമത്തിന്റെ നൂലാമാലകളിൽ ഒന്നും പോയി പെടാതിരിക്കാനാണ് ആൽഡ്രിനെ അന്ന് നാസ വിലക്കിയത്.

ഈ പ്രപഞ്ചത്തെപ്പറ്റി കൂടുതൽ അറിഞ്ഞവരൊക്ക, ഇതിനു ഒരു സൃഷ്ടാവ് ഇല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചത്തെയും അതിന്റെ അതീവമായ നിഗൂഢതകളെയും കണ്ടിട്ട്, തങ്ങളുടെ അവിശ്വാസം വലിച്ചെറിഞ്ഞു വിശ്വാസാം സ്വീകരിച്ചവർ ഉണ്ട്. യഥാർത്ഥ ബുദ്ധി, അതോടൊപ്പം ജ്ഞാനവും കൊണ്ടുവരുന്നു. അതല്ലേ യഥാർത്ഥ 'ഇന്റലിജൻസ്'? ബുദ്ധിമാനാണ് എന്ന് സ്വയം ധരിച്ചു വച്ച്, ദൈവത്തിന്റെ അസ്തിത്വത്തെ അവഗണിക്കുന്നവരോട് ദൈവത്തിനു പറയാനുള്ളത് ഇതാണ്. "ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു" (സങ്കീ 53:1).

അപ്പൊളോ 11ലെ മൂന്നാമൻ , നിശ്ശബ്ദനായ ആ ഗഗന സഞ്ചാരി ആര്? അദ്ദേഹത്തിന്റെ ദൗത്യം എന്തായിരുന്നു? അത് അടുത്തതിൽ.

ഭാഗം 1 വായിക്കുവാനായി താഴെ കൊടുത്തിരിക്കുന്നലിങ്കിൽ ക്ലിക്ക് ചെയുക  
വ്യോമ യാത്രികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം (ഭാഗം 1)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.