ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: രവി പൂജാരി കുറ്റം സമ്മതിച്ചു; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിലടക്കം ചോദ്യം ചെയ്യല്‍ തുടരുന്നു

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്:  രവി പൂജാരി കുറ്റം സമ്മതിച്ചു; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിലടക്കം ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച പൂജാരി കൊച്ചിയില്‍ വെടിവെപ്പ് നടത്താന്‍ ആളെ ഏര്‍പ്പാട് ചെയ്തത് താനല്ലെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂര്‍, കാസര്‍ഗോഡ് സംഘമാണെന്നും പൂജാരി പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും വിശദമായ ചോദ്യം ചെയ്യലുണ്ടാകും.

2016 ഒക്ടോബര്‍ 24നാണു തനിക്കും കുടുംബത്തിനും രവി പൂജാരിയെന്നു പരിചയപ്പെടുത്തിയ വ്യക്തിയുടെ വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു ചെന്നിത്തല പരാതി നല്‍കിയത്. തൃശൂരിലെ വ്യാപാര സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എം.നിഷാമിനെതിരെ മോശമായി സംസാരിച്ചാല്‍ രമേശിനെയും കുടുംബാംഗത്തിനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സാറ്റലൈറ്റ് ഫോണ്‍ വഴിയാണു 'ഡോണ്‍ രവി പൂജാരി'യെന്നു പരിചയപ്പെടുത്തിയ വ്യക്തി ഭീഷണിപ്പെടുത്തിയത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

2018 ഡിസംബര്‍ 15 നാണ് നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ പാര്‍ലറില്‍ വെടിവെപ്പുണ്ടായത്. നടിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാന്‍ പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘം രവി പൂജാരിയെ സമീപിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.