തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ തുല്യനീതി ഉറപ്പാക്കണമെന്നും ജനസംഖ്യാ അനുപാതം കണക്കിലെടുത്തു വേണം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാനെന്നുമുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. 
 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നിശ്ചയിക്കുന്നത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  വിധി നടപ്പാക്കാനാവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പുതിയ സമിതിയെ നിയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി തലയൂരാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം വയ്ക്കുമെന്നാണ് അറിയുന്നത്.  വിധി നടപ്പാക്കുകയോ വിധിക്കെതിരെ അപ്പീല്‍ പോവുകയോ ചെയ്യുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഇടത് മുന്നണി.  
സാമൂഹിക സാഹചര്യം മാറിയതിനാല്‍ നിലവിലെ സ്ഥിതി മനസിലാക്കാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നിശ്ചയിക്കാനാവില്ലെന്ന നിയമോപദേശം ലഭിച്ചെന്ന വാദഗതി ഉയര്‍ത്തിയാണ് പുതിയ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിയമ രംഗത്തുളളവരും സാമുദായിക പ്രാതിനിധ്യമുള്ള രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്ന സമിതിയാണ് മുഖ്യ പരിഗണനയിലുള്ളത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങളില്‍ എങ്ങനെ നടപ്പാക്കി എന്നത് വീണ്ടും പഠിക്കണമെന്നാണ് സിപിഎം നിലപാട്. നിലവിലുണ്ടായിരുന്ന 80:20 അനുപാതം സ്‌കോളര്‍ഷിപ്പ് ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിപ്പുകളുടെ എണ്ണം കൂട്ടി  തുല്യമായി വീതം വയ്ക്കുക എന്ന ആശയവും പരിഗണിക്കുന്നുണ്ട്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.