ബജറ്റ് കബളിപ്പിക്കലെന്ന് പ്രതിപക്ഷം; 20,000 കോടി പാക്കേജ് എസ്റ്റിമേറ്റിലില്ല, യഥാര്‍ഥ കമ്മി 37,000 കോടി

ബജറ്റ് കബളിപ്പിക്കലെന്ന് പ്രതിപക്ഷം; 20,000 കോടി പാക്കേജ് എസ്റ്റിമേറ്റിലില്ല, യഥാര്‍ഥ കമ്മി 37,000 കോടി


തിരുവനന്തപുരം: ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് മുന്‍നിര്‍ത്തി സാധാരണക്കാര്‍ക്ക് നേരിട്ട് പണം കൊടുക്കണമെന്നത് തങ്ങളുടെ നിര്‍ദ്ദേശമായിരുന്നു. ഇതിന് 8900 കോടി രൂപ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂര്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങള്‍ കുത്തിനിറച്ചു. സര്‍ക്കാരിന് സ്ഥല ജല വിഭ്രാന്തിയാണോ എന്ന് സംശയം ഉണ്ട്. ബജറ്റില്‍ പറയേണ്ടത് നയ പ്രഖ്യാപനത്തിലും നയ പ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലുമാണ് പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ നടന്നത് ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടത്ത് പ്രസംഗിക്കുന്നത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗം ആണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടന അനുസരിച്ച് ആന്വല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേയ്റ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയല്ലെന്നും അദേഹം പറഞ്ഞു.

ബജറ്റിലെ സാമ്പത്തിക കണക്കുകളിലുള്ള അവ്യക്തത വ്യക്തമാണ്. 1715 കോടി രൂപയുടെ അധിക ചിലവെന്നാണ് പറഞ്ഞത്. പക്ഷേ 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേ. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല. ഫലത്തില്‍ റവന്യൂ കമ്മി 37,000 കോടിയാകും, ഇതും രേഖകളില്‍ നിന്ന് ഇത് മറച്ചുവെച്ചു.

സാമ്പത്തിക ഉത്തേജന പാക്കേജ് വഞ്ചനയാണ്. കരാറുകാരുടെ പണവും പെന്‍ഷനും കൊടുക്കാനാണ് പണം നീക്കിവെച്ചത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. കൂടാതെ എം.എല്‍.എമാരുടെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ എടുക്കാനുള്ള തീരുമാനം ഉണ്ട്. അത് തങ്ങള്‍ക്കൂടി സമ്മതിച്ചതാണ്. മുഖ്യമന്ത്രി നേതാക്കളുമായി ഇക്കാര്യം കൂടിയാലോചിച്ചിരുന്നതായി വി.ഡി സതീശന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.