തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ഇനിയുള്ള തര്‍ക്കം വെബ് മേല്‍വിലാസത്തിനുവേണ്ടിയാകും. കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്ത് സ്വന്തമാക്കിയ സ്ഥിതിക്ക് കേരളം അതേപേരിലെ വെബ് മേല്‍വിലാസത്തിന് അവകാശമുന്നയിക്കും. https://ksrtc.in എന്ന വെബ് മേല്‍വിലാസം ഇപ്പോള്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കൈവശമാണ്.
2014ല്‍ കെ.എസ്.ആര്‍.ടി.സി. എന്ന ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതിനൊപ്പം കര്‍ണാടക ഈ വിലാസത്തില്‍ വെബ്സൈറ്റും രജിസ്റ്റര്‍ചെയ്തിരുന്നു. അതിനാല്‍ https://www.keralartc.com എന്ന മേല്‍വിലാസത്തിലാണ് കെ.എസ്.ആര്‍.ടി.സി. വെബ്സൈറ്റ് ഒരുക്കിയത്.
കെ.എസ്.ആര്‍.ടി.സി. എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ആദ്യം മുന്നിലെത്തുക കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വെബ് സൈറ്റാണ്. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ അധികവും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് പോകുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു. ബെംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇരു കോര്‍പ്പറേഷനും ഓടിക്കുന്നുണ്ട്. KSRTC.IN , KSRTC.ORG, KSRTC.COM എന്നീ വെബ് വിലാസങ്ങള്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്ന അവകാശമാണ് കേരളം ഉന്നയിക്കുന്നത്.
എന്നാല്‍ നിലവിലെ വെബ് മേല്‍വിലാസം വിട്ടുകൊടുക്കാന്‍ കര്‍ണാടക കോര്‍പ്പറേഷന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ നിയമപരമായ വഴികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്. ചെന്നൈ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയുടെ വിധിക്കെതിരേ അവര്‍ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനസര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ചചെയ്ത് സമവായം കണ്ടെത്തണമെന്ന ആവശ്യം കെ.എസ്.ആര്‍.ടി.സി. മേധാവി ബിജുപ്രഭാകര്‍ ഉന്നയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.