തിരുവനന്തപുരം: കോവിഡ് വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം (ബി.1.617.2) കേരളത്തില്‍ വാക്‌സിന്‍ എടുത്തവരിലും കോവിഡ് മുക്തരായവരിലും വീണ്ടും രോഗ ബാധയ്ക്കിടയാക്കുന്നതായി പഠനം. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവിടങ്ങളില്‍ നടത്തിയ വൈറസിന്റെ ജനിതക ഘടനാ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തല്‍.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച സാംപിളുകളില്‍ 95 ശതമാനത്തിനു മുകളിലും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാംപിളുകളില്‍ 93 ശതമാനവും ഡെല്‍റ്റ വകഭേദമാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സാമ്പിളുകളിലാണു രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ സാമ്പിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിക്കുന്നത്. രണ്ട് വിഭാഗക്കാരിലും രോഗ ലക്ഷണങ്ങളും തീവ്രതയും കുറവാണ്. ഭൂരിഭാഗം പേര്‍ക്കും തീവ്ര പരിചരണം വേണ്ടി വരുന്നില്ല.
വാക്‌സിന്‍ വഴിയും രോഗ പ്രതിരോധം വഴിയും ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളെ ഡെല്‍റ്റ വൈറസ് മറികടക്കുന്നു എന്നതാണ് ആശങ്കയുളവാക്കുന്നത്. ഇതോടെ മൂന്നാം തരംഗത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഡെല്‍റ്റ വകഭേദം മൂലം കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രോഗം ബാധിച്ചവര്‍ക്കു വീണ്ടും കോവിഡ് ബാധയുണ്ടാകുന്നുണ്ടോ എന്നും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഡെല്‍റ്റയ്ക്കു വീണ്ടും ജനിതകമാറ്റം സംഭവിക്കുന്നുണ്ടോ എന്നു തിരിച്ചറിയാനാണിത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധിതരായവര്‍, രണ്ടാം തവണ കോവിഡ് ബാധിതരായവര്‍ എന്നിവരുടെ സ്രവം അതതു ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചാണ് ജനിതക പഠനത്തിന് അയയ്ക്കുന്നത്. എല്ലാ ജില്ലകളിലെയും സാമ്പിളുകള്‍ പരിശോധിച്ച ശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.