കൊച്ചി: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ മാറ്റണം എന്ന ആവശ്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപി എം.പിയെ ചുമതലപ്പെടുത്തി.
മെട്രോമാന്‍ ഇ. ശ്രീധരന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദ ബോസ് എന്നിവരടങ്ങുന്ന സമിതിയാണ് കുഴല്‍പ്പണ ആരോപണം പാര്‍ട്ടിക്കു വേണ്ടി അന്വേഷിക്കുന്നത്. പിടിവിട്ടു പോയ കുഴല്‍പ്പണക്കേസ് സംസ്ഥാന നേതൃത്വത്തിലേക്കും എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് ഇടപെട്ട് പ്രത്യേക സമിതി രൂപീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തോല്‍വിയേക്കാള്‍ നാണക്കേടായി കുഴല്‍പ്പണ വിവാദം ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചത്. കേരളത്തിലെ ബി.ജെ.പിയുടെ നേതാക്കളെ ആരെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.
ബിജെപി കേരള ഘടകം തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്നതുള്‍പ്പെടെ കാര്യങ്ങളാകും മൂന്നംഗ സമിതി അന്വേഷിക്കുക. രണ്ടു ദിവസമായി ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു.
വിജയിക്കാന്‍ സാഹചര്യം ഉണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും വോട്ടു ചോര്‍ച്ചയുണ്ടായതിന് കൃത്യമായ വിശദീകരണം വേണമെന്ന് അമിത് ഷാ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കയ്യില്‍ ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയതിന് പുറമേ വോട്ടു ശതമാനം വര്‍ധിപ്പിക്കാനോ നിലനിര്‍ത്താനോ പോലും കഴിയാതെ പോയത് സംഘടനാ ദൗര്‍ബല്യമായിട്ടാണ് കേന്ദ്രം വിലയിരുത്തുന്നത്.
കുഴല്‍പ്പണം അടക്കം നിലവില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് കേന്ദ്രമന്ത്രി വി.മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.കെ കൃഷ്ണദാസ് - ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ പരാതികളും തലവേദനയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.