തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം നിയന്ത്രിക്കാനാവാത്ത വിധം വര്‍ധിക്കുന്നു. നിലവില്‍ 3,27,654.70 കോടി രൂപയാണിത്. കോവിഡും ലോക്ക്ഡൗണും മൂലം വികസന മേഖലയിലെ നിക്ഷേപങ്ങളുടെയും നികുതി വരുമാനത്തിലെയും കുറവാണ് മുഖ്യ കാരണം. കൂടാതെ പ്രളയവും ഓഖിയും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിച്ചു.
ഇപ്പോഴുള്ള ബാധ്യതയോടൊപ്പം കിഫ്ബി മുഖേനയുള്ള 63,000 കോടിയും ചേര്‍ക്കുമ്പോള്‍ പൊതുകടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും.
കഴിഞ്ഞ വര്‍ഷം കേരളം കടം വാങ്ങിയത് 38,189 കോടിയാണ്. ഒരു മാസം 3000 കോടി രൂപയെങ്കിലും കടം വാങ്ങേണ്ട സ്ഥിതി. 2011-16 യു.ഡി.എഫ് ഭരണകാലത്ത് മാസം ആയിരം കോടി വീതമാണ് കടമെടുത്തിരുന്നത്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തില്‍ അത് 2000 കോടിയായും കോവിഡ് കാലത്ത് 3000 കോടിയായും ഉയര്‍ന്നു.
വരവ് കുറവും ചെലവ് കൂടുതലും മൂലമുള്ള റവന്യൂ കമ്മി നികത്താനാണ് ഇത്രയും തുക കടമെടുക്കുന്നത്. മൊത്ത വരുമാനത്തിന്റെ അഞ്ച് ശതമാനം വരെ ഇങ്ങനെ കടമെടുക്കാം. അത് കഴിഞ്ഞ് വികസനാവശ്യത്തിന് കടമെടുക്കാനാവില്ല. ഇത്തരം സാഹചര്യത്തിലാണ് കിഫ്ബിയിലൂടെ ബജറ്റിന് പുറത്ത് സര്‍ക്കാര്‍ കടമെടുക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ 2011 ല്‍ അധികാരത്തില്‍ വരുമ്പോള്‍ 78,673.24കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ അത് 1,57,370 കോടിയായി ഉയര്‍ന്നു. 2021 ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വരുമ്പോള്‍ പൊതുകടം ഇരട്ടിയിലധികം വര്‍ധിച്ച് 3,27,654.70 കോടി രൂപയിലെത്തി. ഇതിന് പുറമേയാണ് കിഫ്ബിയില്‍ നിന്ന് 63,000 കോടി വായ്പയെടുക്കുന്നത്.
സംസ്ഥാനത്തിന് ഇത്തരത്തില്‍ കടബാധ്യത കൂടിയാല്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് വായ്പയെടുക്കാനുള്ള റേറ്റിംഗ് വല്ലാതെ കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കിട്ടുന്ന തുക കുറയുകയും വായ്പകള്‍ക്ക് പലിശ നിരക്ക് കൂടുകയും ചെയ്യും.
വാര്‍ഷിക തിരിച്ചടവ് ബാധ്യത കൂടും. മൊത്ത വരുമാനം കുറയും.
എന്നാല്‍ ജനങ്ങളുടെ കൈയില്‍ പണമെത്തിച്ച് വരുമാനം കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്. കൂടുതല്‍ കേന്ദ്ര ഗ്രാന്റും സഹായങ്ങളും വിഹിതങ്ങളും വാങ്ങി കടബാധ്യതയില്‍ നിന്ന് തിരിച്ചു കയറാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.