ന്യൂഡല്‍ഹി: കോവിഡിനെതിരെ സുപ്രീംകോടതി സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച് കത്തയച്ച മലയാളിപ്പെണ്‍കുട്ടിക്ക് ആശംസയറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. തൃശ്ശൂര്‍ കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാംക്ലാസുകാരി ലിഡ്വിന ജോസഫിനാണ് ചീഫ് ജസ്റ്റിസിന്റെ മറുപടിക്കത്ത് ലഭിച്ചത്. ആശംസയ്‌ക്കൊപ്പം സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ ഭരണഘടനയുടെ പതിപ്പും അദ്ദേഹം അയച്ചുകൊടുത്തു.
കഴിഞ്ഞമാസം അവസാനത്തോടെയാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ലിഡ്വിനയുടെ കത്തെത്തിയത്. ജഡ്ജി മേശപ്പുറത്തടിക്കുന്ന ചുറ്റിക കൊണ്ട് കൊറോണ വൈറസിനെ ഇടിക്കുന്ന ചിത്രവും കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സാധാരണ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിക്കുമ്പോള്‍ ഓക്‌സിജന്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് പത്രത്തില്‍ വായിച്ചതായി ലിഡ്വിനയുടെ കത്തില്‍ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സുപ്രീംകോടതി കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതിന് നന്ദിയും സന്തോഷവും അഭിമാനവുമുണ്ടെന്നും കത്തില്‍ കുറിച്ചു.
ജഡ്ജി ജോലി ചെയ്യുന്നതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം സഹിതം മനോഹരമായ കത്ത് ലഭിച്ചതായി ചീഫ് ജസ്റ്റിസിന്റെ മറുപടിയില്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ ലിഡ്വിന ശ്രദ്ധപുലര്‍ത്തുന്നതും മഹാമാരിക്കാലത്ത് ജനങ്ങളുടെ ക്ഷേമത്തില്‍ താത്പര്യം കാണിക്കുന്നതും മതിപ്പുളവാക്കുന്നതാണ്. രാഷ്ട്രനിര്‍മാണത്തിനായി വലിയ സംഭാവനകള്‍ നല്‍കുന്ന ഉത്തരവാദിത്വമുള്ള പൗരയായി ലിഡ്വിന വളരുമെന്ന് തനിക്കുറപ്പുണ്ടെന്നും ജസ്റ്റിസ് രമണ മറുപടി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.