കഥയും പൊരുളും -1 (കുട്ടികൾക്കായുള്ള പംക്തി ) -കൂട്ടുകെട്ട് കൂട്ടിക്കെട്ട്

കഥയും പൊരുളും -1  (കുട്ടികൾക്കായുള്ള പംക്തി ) -കൂട്ടുകെട്ട് കൂട്ടിക്കെട്ട്

"അധമമായ സംസർഗം സദാചാരങ്ങളെ ദുഷിപ്പിക്കും." 1 കോറിന്തോസ് 15:33

മോശം കൂട്ടുകെട്ട് എങ്ങനെ ഒരു വ്യക്തിയെ നിഷേധാത്മകമായി ബാധിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്  'കൂട്ടുകെട്ട് കൂട്ടിക്കെട്ട്' എന്ന പഞ്ചതന്ത്രക്കഥ.

ഗ്രാമത്തിലെ കുളക്കടവിൽ ഒരു തവള താമസിച്ചിരുന്നു.

ഒരുനാൾ തവള അടുത്ത മരപ്പൊത്തിലെ താമസക്കാരനായ എലിയെ പരിചയപ്പെട്ടു.

അവൻ്റെ ചടുലതയും, ആകർഷണീയതയും തവളയെ എലിയിലേയ്ക്കടുപ്പിച്ചു.

തവള നിത്യവും എലിയുടെ മാളം സന്ദർശിച്ചു. എന്നും തവള ക്ഷണിച്ചെങ്കിലും എലി തവളയോടൊപ്പം പോകാൻ കൂട്ടാക്കിയില്ല.

ഒരു രീതിയിലും തൻ്റെ വാസസ്ഥലം സന്ദർശിക്കാൻ കൂട്ടാക്കാത്ത തൻ്റെ സുഹൃത്തിനെ തവള നിർബന്ധപൂർവ്വം കൂടെക്കൂട്ടാൻ ഉറച്ചു.

തവളയുടെ നിർബന്ധത്തിനു വഴങ്ങി എലി തവളയുടെ വാസസ്ഥലമായ കുളക്കടവിലേക്കു നടന്നു.

അവിടെ എത്തിയ എലിയെ തവള കുളത്തിലേക്ക് ക്ഷണിച്ചു.

ധൈര്യത്തിന്നായി തവള തൻ്റേയും എലിയുടേയും ശരീരങ്ങൾ തമ്മിൽ നീളമുള്ള ചരടിനാൽ ബന്ധിച്ചു.

നിസ്സഹായനായ എലിക്ക് തവളയെ പിൻചെല്ലേണ്ടിവന്നു.

കുളത്തിലേക്ക് ചാടിയ തവള സുഹൃത്തിൻ്റെ അവസ്ഥനോക്കാതെ അടിയിലേക്ക് ഊളിയിട്ടു.

രക്ഷപെടാൻ ശ്രമിച്ചിട്ടും അതിനാകാതെ എലി മുങ്ങിമരിച്ചു.

എലിയുടെ ശരീരം വെള്ളത്തിൽ പൊങ്ങിക്കിടന്നത് ഒരു പരുന്തുറാഞ്ചി, കൂടെ തവളയെയും.

ജീവനുവേണ്ടി പിടഞ്ഞ തവളയുടെ പരാക്രമവും പരുന്ത് തീർത്തു.

ഇതുപോലാണ് മോശം സുഹൃത്തുക്കൾ. നല്ലവരെക്കൂടി തങ്ങളുടെ ലോകത്തേയ്ക്ക് അവർ കെട്ടിവലിച്ചടുപ്പിക്കും. പിടിച്ചുനിൽക്കാനാവാതെ കൂടെയുള്ളവരും തകരും. ഇത് രണ്ടാളുടേയും നാശത്തിൽ കലാശിക്കും.

സൗഹൃദവും, സ്നേഹവും മനുഷ്യൻറെ അടിസ്‌ഥാന വൈകാരികാവശ്യങ്ങളാണ്. ഇവയ്ക്കായ് നാം നിരന്തരമുള്ള അന്വേഷണത്തിലും. നല്ല കുടുംബ ബന്ധങ്ങളും, സൗഹൃദങ്ങളുമാണ് ഈ ആവശ്യങ്ങൾ നിറവേറ്റിത്തരുന്നത്. കുടുംബ ബന്ധങ്ങളിലെ വിള്ളൽ സ്നേഹമന്വേഷിച്ചു മറ്റു വഴികൾ തേടാൻ കുട്ടികളെ പ്രേരിപ്പിക്കും. കഴുകൻ കണ്ണുകളോടെ കാത്തിരിക്കുന്ന നാട്യക്കാരുടെയും   ചൂഷകരുടേയും വലയിലാകാം നിങ്ങൾ നിങ്ങളുടെ വൈകാരികാവശ്യം നിറവേറ്റപ്പെടും എന്ന പ്രതീക്ഷയിൽ ചെന്നുവീഴുന്നത്. ശേഷം എന്ത് എന്ന് പറയേണ്ടതില്ലല്ലോ. ജാഗരൂഗരായിരിക്കുക എന്ന് ഈ കഥപോലെ സുവിശേഷവും നമ്മെ ഉണർത്തുന്നു.

"പ്രിയപ്പെട്ടവരെ എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽനിന്നാണോ എന്ന് വിവേചിക്കുവിൻ. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു." 1 യോഹന്നാൻ 4:1

(ബോബി കാക്കനാട്ട്)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.