തന്റെ മരണവും ഉറപ്പിച്ചിരുന്നു; യൂസഫലി നല്‍കിയതാണ് ഈ രണ്ടാം ജന്മമെന്ന് ബെക്‌സ്

തന്റെ മരണവും ഉറപ്പിച്ചിരുന്നു; യൂസഫലി നല്‍കിയതാണ് ഈ രണ്ടാം ജന്മമെന്ന് ബെക്‌സ്

തിരുവനന്തപുരം: തനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ഏഴ് പേരെ വധശിക്ഷയ്ക്കു കൊണ്ടുപോകുന്നതു കണ്ടു മനസു മരവിച്ചിരുന്നിട്ടുണ്ടെന്ന് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട് വീടിലെത്തിയ ബെക്‌സ് കൃഷ്ണന്‍. ഒറ്റ മുറി സെല്ലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍കാരന്റെ വധശിക്ഷ നടന്നത് ഈ മാസമാണ്. ഒരുനാള്‍ ഇതുപോലെ താനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നുവെന്നും ബെക്‌സ്.

ഏഴ് വര്‍ഷം ജയിലില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തു. മേലധികാരികളാരും താന്‍ ഒരു കുട്ടിയെ കൊല്ലുമെന്നു വിശ്വസിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിയായതിനാല്‍ നിര്‍വാഹമുണ്ടായിരുന്നില്ല. എം.എ യൂസഫലി നല്‍കിയതാണ് ഈ രണ്ടാം ജന്മം. മരണം വരെ ആ കടപ്പാടുണ്ടാകും. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്നാണു പ്രാര്‍ഥനയെന്നും ബെക്‌സ് പറഞ്ഞു.

ബെക്‌സ് ഓടിച്ച കാര്‍ തട്ടി സുഡാനി കുട്ടി മരിച്ചിരുന്നു. കേസില്‍ അബുദാബിയിലെ ജയിലില്‍ നിന്നും വധശിക്ഷ ഒഴിവായി ഇന്നലെ പുലര്‍ച്ചെയാണ് ബെക്‌സ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഭാര്യ വീണ, മകന്‍ അദ്വൈത്, സഹോദരന്‍ ബിന്‍സന്‍, ബന്ധു സേതുമാധവന്‍ എന്നിവര്‍ സ്വീകരിക്കാനെത്തിയിരുന്നു. നടവരമ്പിലെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ക്വാറന്റീനില്‍ പോയി.

യൂസഫലിക്ക് യുഎഇയിലുള്ള ബന്ധങ്ങളും സ്വാധീനവുമാണ് ആ കുടുംബത്തെ മാപ്പു നല്‍കാന്‍ ഒരുക്കിയെടുത്ത തെന്നും ബെക്‌സ് പറയുന്നു. കീഴ്‌ക്കോടതികള്‍ 15 വര്‍ഷം ശിക്ഷ വിധിച്ച കേസില്‍ സുപ്രീം കോടതിയാണു വധശിക്ഷ വിധിച്ചത്. നാട്ടില്‍ അവസരം കിട്ടിയാല്‍ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. യുഎഇ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയാറാണെന്ന് യൂസഫലി അറിയിച്ചിട്ടുണ്ടെന്നും ബെക്‌സ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.