വീണ്ടും രാഹുലിന്റെ ഇടപെടല്‍: കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും

വീണ്ടും രാഹുലിന്റെ ഇടപെടല്‍: കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും

കൊച്ചി: കെ.മുരളീധരന്‍ എംപി യുഡിഎഫ് കണ്‍വീനര്‍ ആയേക്കും. കേരളത്തില്‍ ഗ്രൂപ്പിന് അതീതമായ പാര്‍ട്ടി എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധമാണ് കെ.മുരളിധരന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. അദേഹം തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുലിന്റെ നിലപാട്. അങ്ങനെയാണെങ്കിലും ഗ്രൂപ്പിന് അതീതനായ വ്യക്തിയായിരിക്കും കണ്‍വീനര്‍ സ്ഥാനത്ത് എത്തുന്നത്.

പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഹൈക്കമാന്‍ഡിനെ ഇഷ്ടപ്രകാരമായിരുന്നു വന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വന്തം ഗ്രൂപ്പുകള്‍ക്കായി ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഗ്രൂപ്പ് മാനേജര്‍മാരെ ഒന്ന് കൂടി ദുര്‍ബലമാക്കാനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്.

നേതൃത്വം പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ നേമത്ത് മത്സരിച്ച നേതാവാണ് മുരളീധരന്‍. പരിമിതികള്‍ ഏറെയുണ്ടായിട്ടും നേമത്ത് മുരളീധരന്‍ വോട്ട് വര്‍ധിപ്പിച്ചു. കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് പോലെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിച്ചു. അത്തരമൊരു ധീരതയ്ക്ക് തയ്യാറായ മുരളീധരന് അര്‍ഹിച്ച അംഗീകാരം നല്‍കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്ലീം ലീഗിന്റെ മികച്ച പിന്തുണയും മുരളീധരനുണ്ട്. ഇതാണ് അദ്ദേഹത്തിന് ഏറ്റവും സാധ്യത നല്‍കുന്ന വിഷയം. തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി മുരളിയെ ഇറക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് കണ്‍വീനറായി മുരളീധരന്‍ വരുന്നതിനോട് കോണ്‍ഗ്രസിലും വലിയ എതിര്‍പ്പില്ല.

യുഡിഫിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിന് മുന്നണിയില്‍ പല കാര്യങ്ങള്‍ക്കും വലിയ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. അഞ്ചാം മന്ത്രി മുതലുള്ള ഇത്തരം വഴങ്ങിക്കൊടുക്കലുകള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കെ. മുരളീധരനെ കണ്‍വീനറാക്കുക വഴി മുന്നണിയില്‍ കോണ്‍ഗ്രസിന് പിടിമുറക്കാനാകും എന്ന് ദേശീയ നേത്യത്വം കരുതുന്നു.

കേരളത്തില്‍ സമ്പൂര്‍ണ പുനസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. ബൂത്ത് തലം മുതലുള്ള അഴിച്ചുപണി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ലഭിച്ചിട്ടുള്ള നിര്‍ദേശം.പോഷക സംഘടനകളിലെ നേതൃത്വത്തിലും മാറ്റങ്ങള്‍ ഉണ്ടാകും.

യുഡിഎഫ് കണ്‍വീനര്‍ വിഷയത്തില്‍ കെ.സുധാകരനും വി.ഡി സതീശനും മുരളീധരനുമായി സംസാരിക്കും. ഗ്രൂപ്പ് നേതാക്കളായുള്ളവര്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ല എന്നാണ് രാഹുലിന്റെ ഉറച്ച നിലപാട്. അതേസമയം മൂന്ന് വര്‍ഷം കഴിഞ്ഞുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ നേട്ടമുണ്ടാക്കിയാല്‍ രാഹുലിന്റെ ഈ മാറ്റത്തിന് വലിയ അംഗീകാരം ലഭിക്കും. അല്ലെങ്കില്‍ ഗ്രൂപ്പുകള്‍ വീണ്ടും കോണ്‍ഗ്രസില്‍ പിടിമുറുക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.