കാമുകിയെ യുവാവ് 10 വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്

കാമുകിയെ യുവാവ് 10 വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്

പാലക്കാട്: പ്രണയിനിയെ യുവാവ് മാതാപിതാക്കള്‍ പോലുമറിയാതെ 10 വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് സംരക്ഷിച്ച സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവര്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ പൊലീസ് വ്യക്തമാക്കി.

നെന്മാറ അയിലൂരിലെ റഹ്മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടില്‍ പത്ത് വര്‍ഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് പത്ത് വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നും പത്ത് വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. 18 വയസുള്ളപ്പോഴാണ് യുവതി റഹ്മാനൊപ്പം ജീവിതം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല.

അതിനാല്‍തന്നെ യുവതിയെ കാണാതായ സംഭവത്തില്‍ റഹ്മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാര്‍ സംശയിച്ചിരുന്നു. മൊബൈല്‍ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷഷത്തില്‍ വെല്ലുവിളിയായി.

പത്ത് വര്‍ഷം വീട്ടിലെ ചെറിയ മുറിയിലാണ് യുവാവ് യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീട്ടുകാര്‍ ആരും മുറിയില്‍ പ്രവേശിക്കാറില്ലായിരുന്നു. ഭക്ഷണമെല്ലാം മുറിയില്‍ കൊണ്ടുപോയാണ് കഴിച്ചത്. മകന് മാനസിക പ്രശ്‌നമുണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയത് യുവാവിന് സഹായകമായി. ഇത് മറയാക്കിയായിരുന്നു പിന്നീടുള്ള പെരുമാറ്റം. മാനസിക പ്രശ്‌നമുള്ളയാളല്ലേ, അവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ശല്യം ചെയ്യേണ്ട എന്നുകരുതി വീട്ടുകാരും റഹ്മാന്റെ കാര്യങ്ങളില്‍ ഇടപെട്ടില്ല.

യുവാവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ആ കുട്ടി ഒരിക്കല്‍പോലും യുവാവിന്റെ മുറി കണ്ടിട്ടില്ല. മുറിയില്‍നിന്ന് രഹസ്യമായി പുറത്തു പോകാന്‍ ജനല്‍ പോലെ ഒരു വിടവ് ഉണ്ടാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ യുവതിയ്ക്ക് കയറിയിരിക്കാന്‍ പാകത്തില്‍ ഒരു പ്രത്യേക പെട്ടിയും ഉണ്ടായിരുന്നു. വീടുപണി നടക്കുന്ന സമയത്തെല്ലാം ഈ പെട്ടിയിലാണ് യുവതി കഴിഞ്ഞിരുന്നത്.

പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതിക വിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടി.വി ഉച്ചത്തില്‍ വെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവില്‍ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു.

മൂന്ന് മാസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് നട്ടുച്ചയ്ക്കാണ് യുവതി വീട്ടില്‍നിന്ന് പുറത്തിറങ്ങിയത്. അന്ന് മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ നാട്ടുകാര്‍ക്കോ അവരെ തിരിച്ചറിയാനായില്ല. 10 വര്‍ഷം മുമ്പുള്ള യുവതിയുടെ ഫോട്ടോയില്‍ നിന്ന് ഇപ്പോള്‍ അവര്‍ക്ക് ഏറെ വ്യത്യാസം വന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.