മൂവാറ്റുപുഴ: കാനഡ, റഷ്യ, മലേഷ്യ, തായ്‌ലാൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. മോഹനനെ (37) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിൽ ഇന്ത്യൻ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് നടത്തുകയായിരുന്നു പ്രതി.
കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലെ ചെറുപ്പക്കാരാണ് വഞ്ചിതരായത്. രാജ്യങ്ങളിലെ മാളുകൾ, റിഗ്ഗുകൾ എന്നിവിടങ്ങളിൽ ജോലി സാധ്യതയുണ്ടെന്നു പറഞ്ഞാണ് യുവാക്കളെ വിസിറ്റിങ് വിസയിൽ മലേഷ്യയിലെത്തിച്ചത്. അവിടെ തട്ടിപ്പുകാർ തന്നെ വിദേശ കമ്പനി പ്രതിനിധികളായി ഇന്റർവ്യൂ നടത്തിയ ശേഷമാണ് പണം വാങ്ങിയിരുന്നത്. യുവാക്കളിൽനിന്ന് 4.5 ലക്ഷം രൂപ വീതം വാങ്ങിയെടുക്കുകയായിരുന്നു.
വിസിറ്റിങ് വിസയിൽ തായ്‌ലാൻഡിലും മലേഷ്യയിലും എത്തിച്ചവർ അവിടെ കുടുങ്ങിയപ്പോയതോടെയാണ് തട്ടിപ്പായിരുന്നു എന്നു മനസ്സിലാക്കുന്നത്. ഇവരിൽ ചിലരെ പോലീസ് കണ്ടെത്തിയതോടെയാണ് തട്ടിപ്പിന്റെ വാർത്ത പുറംലോക അറിയുന്നത്.
2017-ൽ തുടങ്ങിയ തട്ടിപ്പിൽ 600 പേരെങ്കിലും ചതിക്കപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. വിവിധ ജില്ലകളിൽ വടംവലി മത്സരം സ്പോൺസർ ചെയ്യുന്ന ജോബി ആ പരിചയം മുതലാക്കിയാണ് ചെറുപ്പക്കാരെ വലയിലാക്കിയിരുന്നത്. എന്നാൽ തട്ടിപ്പിനിരയായ ചിലർ വിദേശത്തെന്ന പേരിൽ കോഴി ഫാമുകളിലും ഹോട്ടലുകളിലും മറ്റുമായി കഴിയുകയായിരുന്നു. ഉണ്ടായിരുന്ന പണവും സഹായങ്ങളും തീർന്നതോടെ യുവാക്കൾ പ്രശ്നത്തിലായി.
ജോബി കൂട്ടുപ്രതികൾക്കെതിരേ കേസ് കൊടുത്ത് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചിരുന്നുവെന്ന് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ പറഞ്ഞു. മാവേലിക്കര വള്ളിക്കുന്നം കന്നിമേൽ ചന്ദ്രഭവൻ ശരത്ചന്ദ്രനെ ഈ കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. സി.ജി. സനൽകുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ സി.കെ. ബഷീർ, എം.എ. ഷക്കീർ, സി.പി.ഒ. ബിബിൻ മോഹൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജോബിയെ കോടതി റിമാൻഡ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.