കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രം; ഒരു ലക്ഷം കോടിക്ക് മുകളില്‍ വായ്പ എടുക്കാം

കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രം; ഒരു ലക്ഷം കോടിക്ക് മുകളില്‍ വായ്പ എടുക്കാം


ന്യൂഡല്‍ഹി: വായ്പാ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ജിഡിപിയുടെ അഞ്ച് ശതമാനം വരെ കടമെടുക്കാനാണ് അനുമതി. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ആശ്വാസകരമാണ് കേന്ദ്ര നടപടി. ഇതോടെ ഒരു ലക്ഷം കോടിക്ക് മുകളില്‍ വായ്പ എടുക്കാം

വായ്പാ പരിധി ഉയര്‍ത്തണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാന്‍ പാടുളളൂ എന്ന നിബന്ധന മാറ്റി അത് അഞ്ച് ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്.

അഞ്ച് ശതമാനമായി ഉയര്‍ത്തിയപ്പോള്‍ കേന്ദ്രം ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു. മൂന്നു ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി സംസ്ഥാനങ്ങള്‍ക്ക് അവരുടെ വായ്പാ പരിധി ഉയര്‍ത്താം എന്നതായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇത് നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് എത്തണമെങ്കില്‍ കേന്ദ്രത്തിന്റെ നാല് നിബന്ധനകള്‍ പാലിക്കണമെന്നായിരുന്നു.

ഒറ്റ രാജ്യം ഒറ്റ റേഷന്‍ കാര്‍ഡ് എന്നതിലേക്ക് കൂടുതല്‍ നടപടികള്‍ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന. വൈദ്യുതി സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നല്‍കുക എന്നതായിരുന്നു രണ്ടാമത്തേത്. വ്യവസായ സൗഹൃദ നടപടികള്‍ എന്ന നിലയില്‍ കേന്ദ്രം ചില നിര്‍ദേശങ്ങള്‍ മുമ്പോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിര്‍ദേശം.

നഗരങ്ങളിലും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു മിനിമം പ്രോപ്പര്‍ട്ടി ടാസ്‌ക് ഉള്‍പ്പടെ നിശ്ചയിച്ച് മുമ്പോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന. ഇതെല്ലാം കേരളം പാലിച്ചു. ഉത്തരാഖണ്ഡും ഗോവയുമാണ് കേരളത്തെ കൂടാതെ ഈ നിബന്ധനകള്‍ പാലിച്ച മറ്റ് സംസ്ഥാനങ്ങള്‍. ഇവരുടെയും വായ്പാ പരിധി ഉയര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.