തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ജൂണ്‍ 16ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ് കെ.സുധാകരന്‍.
ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്‌കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു. അഭിപ്രായ പ്രകടനത്തിന് ഗൂപ്പ് വേണ്ട. ഗ്രൂപ്പിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട.
കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കും. പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനമാക്കാന്‍ കൂടിയാലോചനകള്‍ നടന്നു വരികയാണ്. ഡിസിസി പുനസംഘടനയ്ക്ക് ഓരോ ജില്ലയിലും അഞ്ചംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശ ഇനി നടപ്പില്ലെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.
തന്റെ മുഖം കണ്ടാല്‍ ചിരിക്കുക പോലും ചെയ്യാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ അനുഗ്രഹമാണ് കോവിഡ്. കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കുന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ പരിഹസിച്ചു.
അദാനി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലെത്തി സിപിഎമ്മിന് കള്ളപ്പണം കൈമാറിയെന്ന ആരോപണവും സുധാകരന്‍ ആവര്‍ത്തിച്ചു. മുട്ടില്‍ മരംമുറി നടന്ന സ്ഥലത്ത് താനോ പ്രതിപക്ഷ നേതാവോ പോകും. അവിടത്തെ നിയമ ലംഘനം തടയാനുള്ള സമരം ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.