തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക രംഗത്തിന്റെ ഉത്തേജനവും ലക്ഷ്യമിടുന്ന നൂറുദിന കര്‍മ്മ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.
അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാം വിധം ആധുനിക ഖരമാലിന്യ സംസ്‌കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും.
കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍:
നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ അഞ്ച് പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്.
വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2,000, വനിതാ വികസന കോര്‍പ്പറേഷന്‍ 2,500, പിന്നോക്കവികസന കോര്‍പ്പറേഷന്‍ 2,500, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ് 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങള്‍ 2000), ആരോഗ്യവകുപ്പ് 4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ് 350 (പരോക്ഷമായി), ഗതാഗത വകുപ്പ് 7500, റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വ്വേയുടെ ഭാഗമായി 26,000 സര്‍വ്വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നൂറുദിന പരിപാടിയുടെ നടപ്പാക്കല്‍ പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും. വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍കെഐ).
ഇതിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജര്‍മ്മന്‍ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) എന്നിവയില്‍ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍ ആര്‍കെഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. അതില്‍ വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ ഒമ്പത് റോഡ് പ്രവര്‍ത്തികള്‍ ആരംഭിക്കും.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകള്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചിട്ടുണ്ട്.സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. 100 അര്‍ബന്‍ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവര്‍ഗ വിത്തുകള്‍ വിതരണം ചെയ്യും. 150 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും.
വ്യവസായ സംരംഭകര്‍ക്ക് ഭൂമി ലീസില്‍ അനുവദിക്കാന്‍ സംസ്ഥാന തലത്തില്‍ ഏകീകൃത നയം പ്രഖ്യാപിക്കും. കുട്ടനാട് ബ്രാന്‍ഡ് അരി മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട് ഇഎംഎല്‍ ഏറ്റെടുക്കും. ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും. കാഷ്യൂ ബോര്‍ഡ് 8000 മെട്രിക് ടണ്‍ കശുവണ്ടി ലഭ്യമാക്കി 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും
12000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാന്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും. ലൈഫ് മിഷന്‍ 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണം ആരംഭിക്കും. നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് 20,000 ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും. യാത്രികര്‍ക്കായി 100 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ തുറക്കും. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങും.
കണ്ണൂര്‍ കെ.എം.എം. ഗവണ്‍മെന്റ് വിമന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ്, പാലക്കാട്, മട്ടന്നൂര്‍, ഗവണ്‍മെന്റ് പോളിടെക്‌നിക്കുകള്‍, പയ്യന്നൂര്‍ വനിത പോളിടെക്‌നിക്, എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ മോഡല്‍ പോളി ടെക്‌നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകള്‍ പൂര്‍ത്തീകരിച്ച് തുറക്കും.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് കോടി രൂപയുടെ 20 സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 30 സ്‌കൂളുകളും പ്ലാന്‍ ഫണ്ട് മുഖേന നിര്‍മ്മാണം പൂര്‍ത്തിയായ 40 സ്‌കൂളുകളുമടക്കം 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 43 ഹയര്‍ സെക്കന്‍ഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും.
സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകളില്‍ പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി 'വായനയുടെ വസന്തം' പദ്ധതി ആരംഭിക്കും.
സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ആഗസ്റ്റ് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനില്‍ കൊണ്ടുവരാനുള്ള നടപടികളെടുക്കും. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്‌ക് ആയ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍ പുനരുദ്ധാരണം, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ അനുബന്ധ ഭാഗം നിര്‍മ്മിക്കല്‍, ചേന്ദമംഗലത്തെ 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം, പുരാതന മസ്ജിദായ ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തിയാക്കും.
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ ഡിജിറ്റല്‍ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യും. കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി രണ്ട് കോടി വരെ വായ്പ ലഭ്യമാക്കും. കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ ക്ലിയറന്‍സിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും.
ചെല്ലാനം കടല്‍ തീരത്തെ കടലാക്രമണം തടയാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തിക്ക് തുടക്കം കുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള പഠനം, തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഭൂരഹിത, ഭവനരഹിതര്‍ക്കായി 40 യൂണിറ്റുകളുളള ഭവന സമുച്ചയം കെയര്‍ഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും.
യുവ സംരംഭകര്‍ക്കായി 25 സഹകരണ സംഘങ്ങള്‍ ആരംഭിക്കും. ഇവ കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധന, ഐ.ടി മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, സേവന മേഖലയിലെ ഇവന്റ് മാനേജ്‌മെന്റ്് പോലെയുള്ള സംരംഭങ്ങള്‍, ചെറുകിട മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ എന്നീ മേഖലകളിലായിരിക്കും.
വനിതാ സഹകരണ സംഘങ്ങള്‍ വഴി മിതമായ നിരക്കില്‍ മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ 10 നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. കുട്ടനാട്, അപ്പര്‍ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് രണ്ട് ആധുനിക റൈസ് മില്ലുകള്‍ ആരംഭിക്കും.
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാര്‍ത്ഥിക്ക് 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങും. ഒരു സംഘം പരമാവധി 5 ലക്ഷം രൂപ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. 308 പുനര്‍ഗേഹം വ്യക്തിഗത വീടുകള്‍ (30.80 കോടി രൂപ ചെലവ് ) കൈമാറും. 303 പുനര്‍ഗേഹം ഫ്‌ളാറ്റുകള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളില്‍ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളില്‍ മത്സ്യകൃഷി ആരംഭിക്കും. 100 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കും. ദുര്‍ഘടമായ മലയോര പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗയോഗ്യമായ 30 മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ ഫയര്‍ ആന്റ് സേഫ്റ്റി വകുപ്പ് നിരത്തിലിറക്കും.
പട്ടിക ജാതി വികസന വകുപ്പ് പൂര്‍ത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിര്‍മ്മാണം, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യസാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിംഗ് സൊസൈറ്റി എന്നിവയുടെ പുനരുദ്ധാരണത്തിന് ഫാം റിവൈല്‍ പാക്കേജ് ആരംഭിക്കും
വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 465 ഓളം ആദിവാസി കോളനികളിലും ചേര്‍ന്നുളള പ്രദേശത്തും 10,000 ത്തോളം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. മൂന്നാര്‍ കുറിഞ്ഞിമല സാങ്ച്വറിയില്‍ 10,000 കുറിഞ്ഞിത്തൈകള്‍ വച്ചുപിടിപ്പിക്കും. 14 ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കെട്ടിടങ്ങള്‍, 15 ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഏഴ് നഗരവനങ്ങള്‍ വച്ചുപിടിപ്പിക്കല്‍ തുടങ്ങും. 22 സ്ഥലങ്ങളില്‍ വിദ്യാവനം വച്ചുപിടിപ്പിക്കും. തീരദേശ ഷിപ്പിംഗ് സര്‍വ്വീസ് ബേപ്പൂരില്‍ നിന്നും കൊച്ചിവരെയും കൊല്ലത്തു നിന്നും കൊച്ചി വരെയും ആരംഭിക്കും.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, കോന്നിയില്‍ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ ആരംഭിക്കും. ഏഴ് ജില്ലകളിലെ (തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ്) എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതര്‍ക്കായി കെയര്‍ സപ്പോര്‍ട്ട് സെന്റര്‍. ശിശുമരണനിരക്ക് കുറക്കാന്‍ ലക്ഷ്യമിടുന്ന 'പ്രഥമ സഹസ്രദിനങ്ങള്‍' എന്ന പരിപാടി മലയോര തീരദേശ മേഖലകളിലെ 28 ഐ.സി.ഡി.എസ് പ്രോജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും.
വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളില്‍ ദീര്‍ഘകാലം താമസിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തൃശൂര്‍ രാമവര്‍മ പുരത്ത് മോഡല്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോം തുറക്കും.നിയമ നടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് കാവല്‍ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
സ്‌പോര്‍ട്‌സ് കേരള ഫുട്‌ബോള്‍ അക്കാദമി, തിരുവനന്തപുരത്തും കണ്ണൂരും പൂര്‍ത്തീകരിക്കും. വനിതാ ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്യും. 2256 അങ്കണവാടികളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും വീടുകളില്‍ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാ ഫീഡര്‍ സര്‍വ്വീസ് തുടങ്ങും.
പി.എസ്.സിക്ക് നിയമനങ്ങള്‍ വിട്ടുനല്‍കാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കും. ജി.എസ്.ടി വകുപ്പില്‍ അധികമായി വന്നിട്ടുള്ള 200 ഓളം തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യും
ഗെയില്‍ പൈപ്പ് ലൈന്‍ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുടങ്ങും. പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണത്തിനുള്ള ഗ്രീന്‍ റിബേറ്റ് ആഗസ്റ്റില്‍ പ്രാബല്യത്തില്‍ വരത്തക്ക രീതിയില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കും. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ജീവന്‍ രക്ഷാമരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്കുള്ള ധനഹായ വിതരണം ആരംഭിക്കും. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കും. വിശപ്പ് രഹിതകേരളം ജനകീയ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കുന്ന പരിപാടി ആരംഭിക്കും.
ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കാനാണ് പദ്ധതി. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. സ്‌പെഷ്യല്‍ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും.
ഇത് നൂറു ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ണ്ണമായ പട്ടികയല്ലന്നും വിശദവിവരങ്ങള്‍ അതാതു വകുപ്പുകള്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.