ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ്; അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി വനിതാ ഐ.എസ് തീവ്രവാദികള്‍ തിരികെവന്നേക്കില്ല

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ്; അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി വനിതാ ഐ.എസ് തീവ്രവാദികള്‍ തിരികെവന്നേക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നു മതം മാറി ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്.) ചേര്‍ന്ന നാല് മലയാളി വനിതകള്‍ ഇന്ത്യയിലേക്കു തിരികെ വരാനുള്ള സാധ്യത കുറയുന്നു. അയിഷയെന്ന സോണിയാ സെബാസ്റ്റ്യന്‍, മറിയമെന്ന് പേരുമാറ്റിയ മെറിന്‍ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ, റാഫേലാ എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തെ വഞ്ചിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് ഇന്ത്യ.

കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭാര്യമാരാണ് നാലു യുവതികളും. 2016-18 കാലത്താണ് ഇവര്‍ തീവ്രവാദത്തിനായി അഫ്ഗാനിസ്ഥാനിലെത്തിയത്. 2019 ഡിസംബറില്‍ നാലു യുവതികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു തീവ്രവാദികള്‍ കീഴടങ്ങി. തുടര്‍ന്ന് അഫ്ഗാനിലെ കാബൂള്‍ ജയിലില്‍ കഴിയുകയായിരുന്നു.

അഫ്ഗാന്‍ ജയിലില്‍ ഐ.എസ് തീവ്രവാദികളായ നാല് ഇന്ത്യക്കാരും 16 ചൈനക്കാരും രണ്ടു ബംഗ്ലാദേശികളും 299 പാക്കിസ്ഥാനികളുമുണ്ട്. തടവുകാരെ അതാത് രാജ്യങ്ങളിലേക്കു മടക്കി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 13 രാജ്യങ്ങളുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല

കുട്ടികള്‍ക്കൊപ്പം നിലവില്‍ അഫ്ഗാന്‍ ജയിലുകളിലുള്ള വിദേശപൗരന്മാരായ ഭീകരരെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാനുള്ള നിരന്തര പരിശ്രമമാണ് അഫ്ഗാന്‍ സര്‍ക്കാര്‍ നടത്തുന്നത്.

അഫ്ഗാനിലെ ഐ.എസ് ശക്തികേന്ദ്രമായ ഖൊറാസാന്‍ മേഖലയിലാണ് നാലു യുവതികളും കുടുംബ സഹിതം ഭീകരപ്രവര്‍ത്തനം നടത്തിവന്നത്. അഫ്ഗാന്‍ സേനയുടെ ശക്തമായ ആക്രമണത്തില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം സൈന്യത്തിനു കീഴടങ്ങി.

ജയിലില്‍ കിടക്കുന്നവരെ ഇന്ത്യന്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത തീവ്രവാദ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്നു ബോദ്ധ്യമായി.

സോണിയ സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 21 അംഗ മലയാളി സംഘം ഐ.എസില്‍ ചേരാന്‍ 2016 ല്‍ ഇന്ത്യയില്‍നിന്ന് അഫ്ഗാനിസ്ഥാനിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) 2017 ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇറാനില്‍ നിന്ന് കാല്‍നടയായാണ് ഇവര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം നാലു യുവതികള്‍ക്കെതിരേയും ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.