രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ നഷ്ടമായത് 719 ഡോക്ടര്‍മാര്‍; കേരളത്തില്‍ 24 പേര്‍: ഐഎംഎ

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ നഷ്ടമായത് 719  ഡോക്ടര്‍മാര്‍; കേരളത്തില്‍ 24 പേര്‍: ഐഎംഎ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) റിപ്പോർട്ട്. അതേസമയം കേരളത്തിൽ 24 ഡോക്ടർമാർ മരിച്ചതായും ഐഎംഎ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചത് ബിഹാറിലാണ്. 111 പേർ. ഡൽഹിയിൽ 109, ഉത്തർപ്രദേശ് 79, പശ്ചിമബംഗാൾ 63, രാജസ്ഥാൻ 43 എന്നിങ്ങനെയാണ് ഡോക്ടർമാർ കൂടുതൽ മരിച്ച സംസ്ഥാനങ്ങൾ. ഒരു ഡോക്ടർ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ടു വീതം ഡോക്ടർമാരും പഞ്ചാബിൽ മൂന്നു ഡോക്ടർമാരുമാണ് മരിച്ചത്.

ബിഹാറിൽ ഡോക്ടർമാരുടെ മരണ സംഖ്യ ഏറ്റവും ഉയർന്നു നിൽക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഐഎംഎയുടെ ബിഹാർ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ച ഡോക്ടർമാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നൽകാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ കോവിഡിന്റെ ആദ്യ തരംഗത്തിൽ 748 ഡോക്ടർമാർ മരിച്ചതായി നേരത്തെ ഐഎംഎ വെളിപ്പെടുത്തിയിരുന്നു. അതേപോലെ രാജ്യത്ത് പലയിടത്തും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.