പുനസംഘടനയില്‍ പിടി മുറുക്കി ഹൈക്കമാന്‍ഡ്: ജംബോ കമ്മറ്റി ഉണ്ടാകില്ല; അഞ്ചംഗ സമിതി നിര്‍ണായകമാകും

പുനസംഘടനയില്‍ പിടി മുറുക്കി ഹൈക്കമാന്‍ഡ്:  ജംബോ കമ്മറ്റി ഉണ്ടാകില്ല; അഞ്ചംഗ സമിതി നിര്‍ണായകമാകും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന ഹൈക്കമാന്‍ഡിന്റെ കര്‍ശന നിയന്ത്രണത്തില്‍. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് യാതൊരു പരിഗണനയുമുണ്ടാവില്ല. പ്രവര്‍ത്തന മികവ് മാത്രമായിരിക്കും മാനദണ്ഡം. ഇതോടെ കെപിസിസി, ഡിസിസി തലത്തിലുള്ള ജംബോ കമ്മിറ്റികള്‍ ഇനിയുണ്ടാകില്ല.

കെപിസിസി പുനസംഘടനയില്‍ പരമാവധി 50 ഭാരവാഹികളെ മാത്രമാണ് ആലോചിക്കുന്നത്. 25 ജനറല്‍ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. വൈസ് പ്രസിഡന്റ് പദവിയും ഉണ്ടാകില്ലെന്നാണ് സൂചന.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും ഹൈക്കമാന്‍ഡ് നേരിട്ടു നടത്തും. കെപിസിസി, ഡിസിസി തലങ്ങളില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതിന് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പിനതീതരായി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളാവും ഈ കമ്മിറ്റിയിലെ അംഗങ്ങള്‍. വി.എം സുധീരന്‍, കെ.മുരളീധരന്‍, ശശി തരൂര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.

ഈ കമ്മിറ്റി തയ്യാറാക്കി നല്‍കുന്ന പട്ടികയില്‍ നിന്നാവും കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് നിശ്ചയിക്കുക. ഡിസിസി തലത്തിലുള്ള മറ്റ് ഭാരവാഹികളുടെ കാര്യത്തിലും ഇതേ മാനദണ്ഡം തുടരും. ഇത്തരത്തില്‍ പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പുകള്‍ അവസാനിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ 300 അംഗ ഭാരവാഹികളാണ് ഉണ്ടായിരുന്നത്. 46 ജനറല്‍ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 140 കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളും ഉണ്ടായിരുന്നു. കൂടാതെ വൈസ് പ്രസിഡന്റുമാരും വര്‍ക്കിംഗ് പ്രസിഡന്റുമാരും. ഈ ജംബോ കമ്മറ്റിക്കെതിരെ വലിയ എതിര്‍പ്പായിരുന്നു കോണ്‍ഗ്രസിനുള്ളിലും അണികള്‍ക്കിടയിലും ഉണ്ടായിരുന്നത്.

കെ സുധാകരന്‍ അധ്യക്ഷ പദവിയിലേക്ക് എത്തിയപ്പോള്‍ തന്നെ ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. അധ്യക്ഷനുള്‍പ്പെടെ പരമാവധി 51 അംഗ കെപിസിസി കമ്മറ്റിക്കാണ് ഇത്തവണ സാധ്യത. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും മേഖല തിരിച്ച് ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കും. പൂര്‍ണ അച്ചടക്കമുള്ള, സെമി കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റുക എന്നതാണ് തന്റെ മുഖ്യ ലക്ഷ്യമെന്ന് പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.