കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണം - സേവ് കുട്ടനാട് വെബ്ബിനാർ

കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണം - സേവ് കുട്ടനാട് വെബ്ബിനാർ

കോട്ടയം: കുട്ടനാടിന്റെ ദുരിതത്തിൽ നിന്നും മോചനം ലഭിക്കാനും വികസനകുതിപ്പിന് ചുക്കാൻ പിടിക്കാനുമായി കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണം എന്ന് സേവ് കുട്ടനാട് വെബ്ബിനാറിൽ ആവശ്യമുയർന്നു. അധ്യക്ഷ പ്രസംഗം നടത്തിയ ഫാ. റ്റെജി പുതുവീട്ടിൽക്കളമാണ് വിവിധ കോണുകളിൽ നിന്നുയർന്നു വന്ന ഈ ആശയം സമ്മേളനത്തിൽ വച്ച് ജനപ്രതിനിധികളുടെ മുൻപാകെ സമർപ്പിച്ചത്.

ചങ്ങനാശ്ശേരി പ്രവാസി അപ്പസ്റ്റലേറ്റ് സ്റ്റഡി ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വെബ്ബിനാർ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം ഉദ്‌ഘാടനം  ചെയ്ത്  സംസാരിച്ചു . കുട്ടനാടിന്റെ ചരിത്രം ഏവർക്കും ആവേശം പകരുന്നതാണ്. ഇപ്പോൾ കുട്ടനാട്ടിൽ നിന്നും ആളുകൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടനാടിനു ജീവൻ നൽകുന്ന നദികളും തോടുകളും മൃതപ്രായമായിരിക്കുന്നു. കാലാകാലങ്ങളായി ഇത് ശ്രദ്ധയിൽപ്പെടുത്തി വരുന്നു എങ്കിലും , കുട്ടനാടിന്റെ സ്പന്ദനങ്ങൾ അറിയുന്നവർക്കു മാത്രമേ ഇതിനു പരിഹാരം ഉണ്ടാക്കുവാൻ സാധിക്കൂ. നിശ്ചയ ദാർഢ്യത്തോടുകൂടി ഭരണാധികാരികൾ ഇതിൽ ഇടപെടണം. സാംസ്‌കാരിക പൈതൃകത്തിന്റെ വിളനിലം കൂടിയാണ് കുട്ടനാട്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നവരാണ് ഇവിടെയുള്ളവർ. കുട്ടനാട്ടിലെ ജനങ്ങളുടെ സ്വരം ശ്രവിച്ചുകൊണ്ട് ജനപങ്കാളിത്തത്തോട് കൂടിയുള്ള പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചാൽ ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തമുണ്ടാകുമെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു.

കേരള ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ വെബ്ബിനാറിനെ അഭിസംബോധന ചെയ്തു സംസാരിച്ചു . തോട്ടപ്പള്ളി സ്പിൽവേ യിൽ കൂടെയുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്ന് അദ്ദേഹം ഉറപ്പുനൽകി. കുട്ടനാടിന്റെ ദീനരോദനം അതിന്റെതായ ഗൗരവത്തിൽ കാണുന്നു. 2018 പ്രളയത്തിൽ ചങ്ങനാശ്ശേരി അതിരൂപതയും മാർ ജോസഫ് പെരുംതോട്ടവും ചെയ്ത സേവനങ്ങൾ അദ്ദേഹം പ്രത്യകം എടുത്തു പറഞ്ഞു. ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന കൊടുക്കാൻ ജാഗ്രത കാണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. തോട്ടപ്പള്ളി സ്പിൽവേയിലെ ലീഡിങ് ചാനലുകളുടെ വളവ് നിവർത്തുക,  ഹൈഡ്രോ ഡൈനാമിക് റെഗുലേറ്ററ്ററുകൾ സ്ഥാപിക്കുക , ആവശ്യമെങ്കിൽ പുലിമുട്ട് നിർമ്മിക്കുക എന്നീ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന്  അദ്ദേഹം ഒരു  ചോദ്യത്തിനുത്തരമായി പറഞ്ഞു. എസി കനാൽ വഴിയുള്ള ജലനിർഗ്ഗമനം കൂട്ടുവാൻ വിവിധ മാർഗ്ഗങ്ങൾ തേടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്ബിനാറിൽ ഉന്നയിക്കപ്പെട്ട വിശാല കുട്ടനാട് വികസന അതോറിട്ടി എന്ന ആശയത്തിന് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് തുടർന്ന് സംസാരിച്ച കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.അഡ്വ. ബെന്നി നാല്പതാംകളം കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിഷയാവതരണം നടത്തി. കുട്ടനാട് കേന്ദ്രീകരിച്ച് കാർഷിക യൂണിവേഴ്സിറ്റി , നീന്തൽ പരിശീലന കോഴ്‌സുകൾ എന്നിവ ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പ്രസിദ്ധ കാർഷിക ശാസ്ത്രജ്ഞൻ ഡോ കെ ജി പത്മകുമാർ പരിസ്ഥിതിയും കൃഷിയും അതിജീവനത്തിനായി കേഴുന്ന കുട്ടനാടിന്റെ വികസനത്തിന് ഒരു മാർഗ്ഗരേഖ എന്ന വിഷയത്തിൽ പേപ്പർ അവതരിപ്പിച്ചു. ജലവിഭവങ്ങളുടെ മാനേജ്മെന്റാണ് കുട്ടനാടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം . അതിന് വിദഗ്ധരുടെ അഭിപ്രായം സ്വരൂപിച്ച് വ്യക്തമായ നയവും പദ്ധതികളും സർക്കാരുകൾക്ക് ഉണ്ടാകണം. കുട്ടനാട്ടുകാർ ജീവിക്കുന്നത് നദീ തടത്തിലാണ്. വെള്ളമൊഴുകേണ്ട സ്ഥലത്താണ് നമ്മൾ കൃഷി ചെയ്യുന്നത്. തോടുകൾക്ക് ആഴം കൂട്ടണം പക്ഷെ അതിനൊപ്പം വീതിയും കൂട്ടണം. ഓരോ വർഷവും തോടുകളുടെയും ആറുകളുടെയും വീതി കുറയുന്നു. നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എല്ലാ തടസ്സങ്ങളും നീക്കണം. പാടത്തിന്റെയും കായലുകളുടെയും ഇടയിലൂടെ ബൈ പാസ് കനാലുകൾ വെട്ടണം. എ സി കനാൽ തുറക്കണം എന്നീ നിർദ്ദേശങ്ങളാണ് ഡോ കെ ജി പത്മകുമാർ അവതരിപ്പിച്ചത് .

ഒരു വർഷം കൊണ്ട് കുട്ടനാടിന്റെ പ്രധാന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാൻ സാധിക്കുമെന്ന് കരുതുന്നതായി കുട്ടനാട് എം എൽ എ ശ്രീ തോമസ് കെ തോമസ് അഭിപ്രായപ്പെട്ടു.കുട്ടനാടൻ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടില്ല എന്ന് വെക്കുവാനാകില്ലെന്നും കുട്ടനാട് പാക്കേജ് നടപ്പിലാക്കുമെന്നും ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ പ്രസ്താവിച്ചു . കെസി പാലം പൊളിച്ചു പണിയുവാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഈ പദ്ധതി പൂർത്തീകരിക്കുമ്പോൾ ചങ്ങനാശ്ശേരിയിൽ നിന്നും ടൂറിസം ഓപ്പറേറ്റ് ചെയ്യുവാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിയന്ത്രിതമായ പമ്പിങ് സംവിധാനവും ബണ്ടുകളുടെ ബലപ്പെടുത്തലും ചെയ്യുവാൻ സാധിച്ചാൽ പ്രളയത്തെ അതിജീവിക്കാനാകുമെന്ന് മുൻ എംഎൽഎ ഡോ. കെ സി ജോസഫ് അഭിപ്രായപ്പെട്ടു. എസി റോഡിനോട് ചേർന്ന് പൂർണ്ണമായും എലവേറ്റഡ് റോഡ് നിർമ്മിക്കുകയാണ് അഭികാമ്യം എന്ന് ജോസഫ് കെ നെല്ലുവേലി പറഞ്ഞു . നിർമ്മാണപ്രവർത്തനങ്ങൾക്കായി കുട്ടനാട് അടച്ചിടേണ്ട സ്ഥിതി ഉണ്ടാകരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മാധ്യമപ്രവർത്തകരായ റോയ് കൊട്ടാരച്ചിറ ,ഹരികൃഷ്‌ണൻ കാവാലം എന്നിവരും വെബ്ബിനാറിൽ ആശയങ്ങൾ പങ്കുവച്ചു.
കുട്ടനാടിന്റെ പ്രശ്നങ്ങൾ സർക്കാർ തലങ്ങളിലേക്ക് എത്തിക്കാൻ ഒരു നിവേദനം സമർപ്പിക്കാനും തുടർ നടപടികൾ ഏകോപിക്കാൻ ഒരു സമിതിക്ക് രൂപം കൊടുക്കാനും സമ്മേളനം തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.