ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നതിനുശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് ഇന്ത്യന്‍ യുവതികള്‍ക്കും മാതൃരാജ്യത്തേക്കുള്ള മടക്കം മരീചികയായി മാറുന്നു. ഭീകരബന്ധം സ്ഥിരീകരിച്ച ഇവരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരേണ്ടതില്ല എന്ന കര്‍ശന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യത്ത് നിന്ന് ഒളിച്ചു കടന്ന് ഐ.എസില്‍ ചേര്‍ന്നത്. ഐ.എസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെയാണ് വിധവകളായ ഇവര്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്നത്.
ഇവരെ ഇന്ത്യയിലേക്ക് കൊണ്ടു വരണമെന്ന് കരുതി കീഴടങ്ങിയതിനു ശേഷം കുട്ടികള്‍ ഒപ്പമുള്ള യുവതികളുമായി ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിമുഖം നടത്തിയിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ യുവതികള്‍ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഫ്രാന്‍സിന്റെ മാതൃകയില്‍ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന് അഫ്ഗാന്‍ അധികൃതരോട് അഭ്യര്‍ഥിക്കണമെന്നാണു കരുതുന്നതെന്നും ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2016-18 കാലത്ത് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഇവര്‍ അഫ്ഗാനിലെ നന്‍ഗര്‍ഹറിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അഫ്ഗാനിസ്ഥാന്‍, യു.എസ് സൈനികരുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 2019 ഡിസംബറില്‍ സോണിയ, മെറിന്‍, നിമിഷ, റഫീല എന്നിവര്‍ അഫ്ഗാന്‍ പൊലീസിന് കീഴടങ്ങി. ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പതിമൂന്ന് രാജ്യങ്ങളില്‍ നിന്നായി 408 ഐ.എസ് അംഗങ്ങള്‍ അഫ്ഗാനിലെ ജയിലുകളില്‍ കഴിയുന്നതായി ഏപ്രില്‍ 27ന് അഫ്ഗാന്‍ നാഷനല്‍ ഡയക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവന്‍ അഹമ്മദ് സിയ സറാജ് പറഞ്ഞിരുന്നു. നാല് ഇന്ത്യക്കാര്‍, 16 ചൈനക്കാര്‍, 299 പാക്കിസ്ഥാനികള്‍, രണ്ട് വീതം ബംഗ്ലദേശുകാര്‍, മാലദ്വീപ് സ്വദേശികള്‍ തുടങ്ങിയവരാണ് ജയിലിലുള്ളത്.
ഇവരെ അതത് രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഡല്‍ഹിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഇന്ത്യയുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് കാബൂളിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പുരുഷന്മാരും സ്ത്രീകളുമടക്കം 21 അംഗ മലയാളി സംഘം അഫ്ഗാനിസ്ഥാനിലേക്ക് കേരളത്തില്‍നിന്ന് പോയതായി ചൂണ്ടിക്കാട്ടി 2017 ല്‍ എന്‍ഐഎ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിരുന്നു. കാസര്‍കോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യന്‍ ഭര്‍ത്താവ് അബ്ദുല്‍ റഷീദ് അബ്ദുല്ലയ്‌ക്കൊപ്പം 2016 മേയ് 31ന് മുംബൈ വിമാനത്താവളത്തിലൂടെയാണ് ഇന്ത്യ വിട്ടത്.
മെറിന്‍ ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ ജേക്കബിനെ (യഹ്യ) വിവാഹം ചെയ്തും നിമിഷ ബെസ്റ്റിന്റെ സഹോദരന്‍ ബെക്‌സണെ വിവാഹം ചെയ്തുമാണ് രാജ്യം വിട്ടത്. കാസര്‍കോട് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല ഇന്ത്യവിടുന്നത്. പിന്നീട് അഫ്ഗാനിലുണ്ടായ ആക്രമണങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കുഞ്ഞുങ്ങളുമായി ഇവര്‍ കീഴടങ്ങുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.