കൃഷിയിടത്തിലെ മരം മുറിക്കാന്‍ കര്‍ഷകര്‍ക്കാവുന്നില്ല; കോടികളുടെ തടി വെട്ടി കടത്തി മാഫിയകള്‍

കൃഷിയിടത്തിലെ മരം മുറിക്കാന്‍ കര്‍ഷകര്‍ക്കാവുന്നില്ല; കോടികളുടെ തടി വെട്ടി കടത്തി മാഫിയകള്‍

കൊച്ചി: സ്വന്തം കൃഷി സ്ഥലത്തെ മരം മുറിക്കാന്‍ അനുമതിക്കായി സാധാരണ കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍ മരം വെട്ട് മാഫിയ്ക്കായി സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിയതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം. പട്ടയ ഭൂമിയില്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ അത്യാവശ്യത്തിന് മുറിയ്ക്കാന്‍ അപേക്ഷയുമായി കര്‍ഷകര്‍ മാസങ്ങള്‍ ഓഫീസുകള്‍ കയറി ഇറങ്ങിയാലും ഉദ്യോഗസ്ഥര്‍ കനിയാറില്ല.

ഈ ദുരവസ്ഥ അനുഭവിക്കുന്ന ആയിരക്കണക്കിനു കര്‍ഷകര്‍ സംസ്ഥാനത്തുണ്ട്. പട്ടയ ഭൂമിയില്‍ നട്ടു പിടിപ്പിച്ച മരമാണെങ്കില്‍ പോലും മുറിച്ച് വില്‍ക്കണമെങ്കില്‍ റവന്യൂ വനം വകുപ്പ് ഓഫീസുകള്‍ കയറി ഇറങ്ങണം. സംസ്ഥാനത്തെ മരം മുറിക്കല്‍ നിയമങ്ങളില്‍ ഒട്ടേറെ അവ്യക്തതകള്‍ ആണുള്ളത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ വട്ടം കറക്കും.

അത്യാവശ്യത്തിന് ഒരു ചെറു മരമോ മറ്റോ മുറിച്ച നൂറു കണക്കിന് കര്‍ഷകര്‍ കേസില്‍ അകപ്പെട്ട് കോടതി കയറുകയാണ്. അത്യാവശ്യങ്ങള്‍ക്കായി തടി വിറ്റ പലര്‍ക്കും അഡ്വാന്‍സ് തിരികെ കൊടുക്കേണ്ടിയും വന്നു. പലരും മുറിച്ച മരങ്ങള്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിടുകയും ചെയ്തു.

ഉത്തരവ് വിവാദമായതിനാല്‍ ഇനി ഒരു മരം പോലും മുറിക്കാന്‍ അനുമതി ലഭിക്കില്ലെന്ന ആശങ്കയിലുമാണ് കര്‍ഷകര്‍. പട്ടയ ഭൂമിയില്‍ റിസര്‍വ് ചെയ്തതും ഷെഡ്യൂള്‍ മരങ്ങളും വെട്ടുന്നതിനുള്ള ആശയക്കുഴപ്പങ്ങളും നിയമക്കുരുക്കും ഒഴിവാക്കാന്‍ ശാശ്വത പരിഹാരമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. തടി മാഫിയയെ സഹായിക്കാന്‍ ഉത്തരവു ഇറക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യം മറക്കരുതെന്നാണ് ഇവര്‍ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.