ലോക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍; ബംഗാളില്‍ ജൂലൈ ഒന്നു വരെയും ഉത്തരാഖണ്ഡില്‍ ജൂണ്‍ 22 വരെയും നിയന്ത്രണം

ലോക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍;  ബംഗാളില്‍ ജൂലൈ ഒന്നു വരെയും ഉത്തരാഖണ്ഡില്‍ ജൂണ്‍ 22 വരെയും  നിയന്ത്രണം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍. പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. ജൂലൈ ഒന്നുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കും. സ്വകാര്യ-കോര്‍പ്പറേറ്റ് ഓഫീസുകളിലും 25 ശതമാനം ജീവനക്കാരേ മാത്രമേ അനുവദിക്കൂ. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ മാത്രമേ ഇവ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

റസ്റ്റോറന്റുകളും ബാറുകളും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെ തുറക്കാന്‍ അനുവദിക്കും. എന്നാൽ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. രാത്രി ഒൻപത് മുതല്‍ രാവിലെ അഞ്ചു വരെ ജനസഞ്ചാരം നിയന്ത്രിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

അതേസമയം ഉത്തരാഖണ്ഡില്‍ ജൂണ്‍ 22 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച ലേക്ഡൗണ്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലുള്ളവര്‍ക്ക് ബദ്രിനാഥ്, കേദാര്‍ നാഥ്, ഗംഗോത്രി-യമുനോത്രി തീര്‍ത്ഥാടനത്തിന് അനുവദിക്കുമെന്ന് മന്ത്രി സുബോധ് ഉനിയാല്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഹരിയാന സര്‍ക്കാർ ഈ മാസം 21 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത് .
എന്നാൽ കര്‍ണാടകയില്‍ 11 ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. ജൂണ്‍ 21 വരെയാണ് നിയന്ത്രണം തുടരുക. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായ 19 ജില്ലകളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ജോലി ചെയ്യുന്നവര്‍ കോവിഡ് ബാധിച്ച്‌ മരിച്ചാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.