ലണ്ടന്‍: ബ്രിട്ടണില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നാല് ആഴ്ച്ച കൂടി തുടരാന്‍ സാധ്യത. ജൂണ്‍ 21-ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനിരിക്കെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ സ്ഥിരീകരിക്കുമെന്നാണു സൂചന.
രാജ്യത്തെ നിലവിലെ കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പബ്ബുകള്‍, റസ്റ്റോറന്റുകള്‍, നൈറ്റ് ക്ലബുകള്‍, വിവാഹച്ചടങ്ങുകള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നാണു സൂചന. കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.കെയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡെല്‍റ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസാണ് പുതിയതായി ചികിത്സയ്ക്കെത്തുന്ന ഭൂരിഭാഗം രോഗികളിലും കണ്ടെത്തുന്നത്. ഞായറാഴ്ച മാത്രം 7,490 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്ചയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 50,000 കടന്നു.
ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടന്നുവരുന്ന രാജ്യമായ യു.കെയിലെ കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 78.9 ശതമാനം പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നാം ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു.
പുതുതായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം മറ്റ് കോവിഡ് വൈറസുകളേക്കാള്‍ 60 ശതമാനം പകര്‍ച്ചാശേഷിയുള്ളതാണെന്നും നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 90 ശതമാനവും ഡെല്‍റ്റ വകഭേദമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗത്തിന്റെ കാഠിന്യം കുറയുക മാത്രമാണെന്നും രോഗം വരില്ലെന്നോ മറ്റുള്ളവരിലേക്ക് പകരില്ലെന്നോ ഒരു ഉറപ്പുമില്ലെന്നും ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.