യൂറോ കപ്പ്: സ്വീഡനെതിരേ സ്‌പെയ്നിന് ഗോള്‍രഹിത സമനില

യൂറോ കപ്പ്: സ്വീഡനെതിരേ സ്‌പെയ്നിന് ഗോള്‍രഹിത സമനില

സെവിയ: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരേ സ്പാനിഷ് ടീമിന് ഗോൾരഹിത സമനില. മത്സരത്തിലുടനീളം പന്തിൻമേൽ സ്പാനിഷ് നിരയുടെ ആധിപത്യമായിരുന്നു. മികച്ച ഒട്ടേറെ മുന്നേറ്റങ്ങൾ സ്പാനിഷ് ടീമിൽ നിന്നുണ്ടായി. എന്നാൽ ഒരു ക്ലിനിക്കൽ സ്ട്രൈക്കറുടെ അഭാവം നിഴലിക്കുന്നതായിരുന്നു ഫിനിഷിങ്ങിലെ ടീമിന്റെ പോരായ്മകൾ.

ജോർഡി ആൽബയും പെഡ്രിയും ഫെറാൻ ടോറസും അൽവാരോ മൊറാട്ടയും ഡാനി ഒൽമോയുമെല്ലാം സ്വീഡൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഗോൾ മാത്രം അകന്നു. ഗോൾകീപ്പർ ഒസ്ലന്റെ മികച്ച പ്രകടനം സ്വീഡന് തുണയായി.

16-ാം മിനിറ്റിൽ കോക്കെയുടെ ക്രോസിൽ നിന്ന് ഡാനി ഒൽമോയുടെ ഗോളെന്നുറച്ച ഹെഡർ രക്ഷപ്പെടുത്തിയ ഒസ്ലൻ ഇൻജുറി ടൈമിലും സമാന സേവ് ആവർത്തിച്ചു.

ആദ്യ പകുതിയിൽ മിനിറ്റുകളോളം സ്വീഡൻ നിരയ്ക്ക് പന്ത് തൊടാൻ പോലും ലഭിച്ചില്ല. കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ പോലും പന്ത് ലഭിക്കാത്ത അവസ്ഥയിലായിരുന്നു സ്വീഡിഷ് താരങ്ങൾ. എന്നാൽ 41-ാം മിനിറ്റിൽ ലഭിച്ച അവസരം അലക്സാണ്ടർ ഇസാക്കിന് മുതലാക്കാനും സാധിച്ചില്ല.

അതേസമയം സ്പെയ്നിനായി യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പെഡ്രി സ്വന്തമാക്കി. 18 വർഷവും 201 ദിവസവുമാണ് പെഡ്രിയുടെ പ്രായം.

രണ്ടാം പകുതിയിൽ താളം കണ്ടെത്തിയ സ്വീഡൻ ഇസാക്കിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തി. സ്പെയ്നാകട്ടെ രണ്ടാം പകുതിയിലും പന്തടക്കത്തിൽ മുന്നിട്ടു നിന്നെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ കോച്ച് ലൂയിസ് എന്റിക്വെ തിയാഗോയേയും സരാബിയയേയും മൊറീനോയേയും കളത്തിലിറക്കി. അവസാന മിനിറ്റുകളിൽ സ്പാനിഷ് നിരയുടെ നിരന്തര ആക്രമണങ്ങളെ തടുത്ത സ്വീഡൻ കളി ഗോൾരഹിത സമനിലയിൽ അവസാനിപ്പിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.