കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായി പഠനം !

കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നതായി പഠനം !

കുട്ടികളില്‍ ഒറ്റപ്പെടല്‍ തീര്‍ക്കുന്ന മാനസിക സംഘര്‍ഷം വളരെ കൂടുതലാണ്. കോവിഡ് മഹാമാരിയുടെ വ്യാപന കാലഘട്ടത്തില്‍ യു.എസിലെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാശ്രങ്ങള്‍ വര്‍ധിച്ചതായാണ് പഠനം. ആത്മഹത്യ പ്രവണത മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ദ്ധിച്ചതായാണ് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) കണ്ടെത്തല്‍. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഫെബ്രുവരി 21-നും മാര്‍ച്ച് 20-നും ഇടയില്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച, 12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ എണ്ണം 2019-ല്‍ ഇതേ കാലയളവില്‍ പ്രവേശിപ്പിച്ചവരെക്കാള്‍ 50.6 ശതമാനം കൂടുതലാണ്.

12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാശ്രമം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ 3.7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യാശ്രമം എന്ന് സംശയിക്കപ്പെടുന്ന കേസുകളില്‍ കാണുന്ന പ്രത്യക്ഷമായ ലിംഗപരമായ വ്യത്യാസവും യുവാക്കളില്‍, പ്രത്യേകിച്ച് കൗമാരപ്രായമുള്ള പെണ്‍കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും മുന്‍കാല ഗവേഷണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ്.

'കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കോവിഡ് മഹാമാരിയ്ക്ക് മുമ്പുള്ള കാലത്തേക്കാള്‍ കൂടുതല്‍ മാനസികമായ വൈഷമ്യങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് ഈ പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് . അതുകൊണ്ടു തന്നെ ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കൂടുതലും ശ്രദ്ധയും കരുതലും നല്‍കേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു'. സിഡിസി പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രകടമായി തുടങ്ങിയത്. കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ ആശുപത്രിയിലെത്തിക്കുന്നവരില്‍ 2019-ലേതിനെ അപേക്ഷിച്ച് 12-നും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 2020-ല്‍ 22.3 ശതമാനവും 2021-ല്‍ 39.1 ശതമാനവും വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ വേനല്‍ക്കാലത്ത് 26.2 ശതമാനത്തിന്റെയും ശൈത്യകാലത്ത് 50 ശതമാനത്തിന്റെയും വര്‍ദ്ധനവാണ് ആത്മഹത്യാശ്രമം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ 12-നും 17-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഈ വര്‍ദ്ധനവ് 2019-ലെ ശൈത്യകാലത്തെ അപേക്ഷിച്ച് 3.7 ശതമാനം മാത്രമാണ്. ആത്മഹത്യാശ്രമം മൂലം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണത്തിലാണ് ഈ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതെന്നും ആത്മഹത്യാമരണങ്ങള്‍ ഇതിന് ആനുപാതികമായി വര്‍ദ്ധിക്കുന്നുണ്ട് എന്ന് ഇതുകൊണ്ട് അര്‍ത്ഥമില്ലെന്നും സി ഡി സി വ്യക്തമാക്കുന്നുണ്ട്.

ദി ലാന്‍സെറ്റ് സൈക്ക്യാട്രി അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലും കോവിഡ് 19 കൗമാരപ്രായക്കാരുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി പരാമര്‍ശിക്കുന്നുണ്ട്. മഹാമാരിയ്ക്ക് മുമ്പുള്ള കാലത്തേ അപേക്ഷിച്ച് ഇപ്പോള്‍ പെണ്‍കുട്ടികളിലും മുതിര്‍ന്ന കൗമാരപ്രായക്കാരിലും (13 വയസിനും 18 വയസിനും മദ്ധ്യേ പ്രായമുള്ളവരില്‍) ക്രമാതീതമായ നിലയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.