റാഞ്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡിലെ ഗുംല രൂപതാധ്യക്ഷന്‍ ബിഷപ്പ് പോള്‍ അലോയിസ് ലക്ര (65) കാലം ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30-ന് റാഞ്ചിയിലെ ഓര്‍ക്കിഡ് മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് ഗുംലയിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് റാഞ്ചി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫെലിക്‌സ് ടോപ്പോ എസ്.ജെ മുഖ്യകാര്‍മ്മികത്വം വഹിക്കും.
കോവിഡ് രോഗബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയില്‍ മരണപ്പെടുന്ന നാലാമത്തെ ബിഷപ്പാണ് പോള്‍ അലോയിസ്. രോഗബാധിതനായ ബിഷപ്പ് പോളിനെ റാഞ്ചി മന്ദറിലെ കോണ്‍സ്റ്റന്റ് ലൈവന്‍സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും മേയ് 17 ന് ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ഓര്‍ക്കിഡ് മെഡിക്കല്‍ സെന്ററിലേക്കു മാറ്റുകയായിരുന്നു.
1955 ജൂലൈ 11ന് ഗുംല രൂപതയായ നാദിറ്റോലി ഗ്രാമത്തിലാണ് പോള്‍ ലക്രയുടെ ജനനം. ഗുംലയിലെ സെന്റ് പാട്രിക്‌സ് സ്‌കൂളിലും സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂളിലും കാര്‍ട്ടിക് ഒറയോണ്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. റാഞ്ചിയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്ന് ബിരുദം നേടി. 1976-ല്‍ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ സെമിനാരിയില്‍ പ്രവേശനം നേടി. തുടര്‍ന്ന് അദ്ദേഹം തത്ത്വചിന്തയില്‍ പഠനം നടത്തി. 1988 മേയ് 6-ന് റാഞ്ചി അതിരൂപത വൈദികനായി അഭിഷിക്തനായി. 1993 ല്‍ ഗുംല രൂപതയുടെ രൂപീകരണത്തോടെ അദ്ദേഹത്തെ രൂപതയിലേക്ക് നിയോഗിച്ചു. 2004-ല്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. 2006 ജനുവരി 28ന് അന്‍പതാം വയസില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു.
കോവിഡ് രോഗബാധയെ തുടര്‍ന്നു മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസില്‍ ഭൂരിയ മരിച്ചത് കഴിഞ്ഞ മാസമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.