വത്തിക്കാൻ സിറ്റി: നമ്മുടെ ജീവിതത്തിലും ജോലിയിലും ചരിത്രത്തിലുമുള്ള ദൈവ സാന്നിധ്യം കാണാൻ കണ്ണുകളെ തുറന്ന് പിടിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച പതിവ് പോലെ വത്തിക്കാൻ സ്‌ക്വയറിൽ കൂടിയ വിശ്വാസികളെ ത്രികാല പ്രാർത്ഥനാവേളയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ഞായറാഴ്ചത്തെ സുവിശേഷ വായനയെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പാ സംസാരിച്ചത്. യേശു പറഞ്ഞ രണ്ട് ഉപമകളിലൂടെ ദൈവത്തിന്റെ നിഗൂഢതയും മനുഷ്യ ജീവിതത്തിലെ സംഭവങ്ങളുടെ ചുരുളഴിയുന്നതും ഈശോ മനസ്സിലാക്കി തരുന്നു. നമ്മുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതും മാറ്റങ്ങളൊന്നുമില്ലാതെ വിരസമായി പോകുന്നതും ആവാം.എന്നാൽ ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം വസിക്കുന്നതാണ് നമ്മുടെ ജീവിതം. എല്ലാക്കാര്യങ്ങളിലും ദൈവത്തെ കാണാൻ നമ്മുടെ പ്രത്യേക ശ്രദ്ധയുണ്ടാവണം.
മനസിലാക്കാൻ എളുപ്പമുള്ള രീതിയിലാണ് യേശു സംസാരിച്ചത്. ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങള്‍ പ്രതീകങ്ങളാക്കി അവിടന്ന് സംസാരിച്ചു. അങ്ങനെ ദൈനംദിന കാര്യങ്ങൾ പോലും ചിലപ്പോഴൊക്കെ ഒരുപോലെയാണെന്ന് തോന്നുന്നവയും നാം അശ്രദ്ധയോടെയൊ ആയാസകരമായൊ ചെയ്യുന്നവയും ദൈവത്തിന്റെ നിഗൂഢ സാന്നിധ്യമുള്ളവയാണ്. അതായത് അവയ്ക്ക് ഒരു അർത്ഥമുണ്ടെന്ന് അവിടന്ന് നമ്മെ പഠിപ്പിക്കുന്നു. അതിനാൽ, "എല്ലാ കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും" കഴിയുന്നതിന് നമുക്കും ശ്രദ്ധയുള്ള കണ്ണുകൾ ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
ചെറിയ കാര്യങ്ങളില്‍ സദാ പ്രവര്‍ത്തന നിരതനായ ദൈവത്തെ നമുക്ക് കാണാൻ കഴിയും.
ലോകത്തിന്റെ കോലാഹലങ്ങള്‍, നമ്മുടെ ദിനങ്ങളെ മുഖരിതമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങലുണ്ടാക്കാം. എന്നാൽ ദൈവമാകട്ടെ നിശബ്ദമായി സാവധാനം മുളപൊട്ടുന്ന നല്ലൊരു ചെറു വിത്തെന്ന പോലെ പ്രവര്‍ത്തനനിരതനാണെന്ന് സുവിശേഷം ഉറപ്പു നല്‍കുന്നു. സാവധാനം അത് ജീവനും തണലുമേകുന്ന വലിയ വൃക്ഷമായിത്തീരുന്നു. നമ്മുടെ സൽപ്രവൃത്തികളുടെ വിത്തും നിസാരമായി തോന്നാം എങ്കിലും, നന്മയായിട്ടുള്ള സകലവും ദൈവത്തിന്റേതാണ്. അതിനാൽ അത് താഴ്മയോടെ സാവധാനം ഫലം പുറപ്പെടുവിക്കുന്നു. നന്മ എളിയ രീതിയിലും നഗൂഢമായ വിധത്തിലും പലപ്പോഴും അദൃശ്യമായ രീതിയില്‍ വളരുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
യേശു ദൈവരാജ്യത്തെ വിത്തു വിതയ്ക്കുന്നതിനോടും കടുകുമണിയോടും താരതമ്യപ്പെടുത്തി പറഞ്ഞ ഉപമകളിലൂടെ
നമുക്ക് വിശ്വാസം പകരാന്‍ അവിടുന്ന് അഭിലഷിക്കുന്നു. ജീവിതത്തിലെ പല സാഹചര്യങ്ങളിലും വാസ്തവത്തിൽ നമുക്ക് നിരാശയുണ്ടാകാം. കാരണം തിന്മയുടെ പ്രത്യക്ഷ ശക്തിയുമായി തുലനം ചെയ്യുമ്പോൾ നാം നന്മയുടെ ബലഹീനതയാണ് കാണുന്നത്. നാം അദ്ധ്വാനിച്ചിട്ടും ഫലമില്ലെന്നും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നില്ലെന്നും കാണുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട് തളര്‍ന്നുപോകാം. നമ്മെയും യാഥാർത്ഥ്യത്തെയും കുറിച്ച് ഒരു പുതിയ വീക്ഷണം പുലര്‍ത്താന്‍ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നു.
നമ്മുടെ ജീവിത മണ്ഡലത്തിലും ചരിത്രത്തിലും എളിയ സ്നേഹം എന്ന നിലയിൽ സദാ പ്രവര്‍ത്തനനിരതമായ ദൈവസാന്നിദ്ധ്യം സകലത്തിനുമപ്പുറം പ്രത്യേകിച്ച് കാണാന്‍ കഴിയുന്ന വിശാല നേത്രങ്ങള്‍ വേണം. ഇതാണ് നമ്മുടെ വിശ്വാസം, ഇതാണ് ഫലദായകമായ നന്മ വിതച്ചുകൊണ്ട് അനുദിനം ക്ഷമയോടെ മുന്നോട്ട് പോകാൻ നമുക്ക് ശക്തി പ്രദാനം ചെയ്യുന്നത്. ഇന്ന് മഹാമാരിയില്‍ നിന്ന് പുറത്തുകടക്കുന്നതിനും ഈ മനോഭവം എത്രമാത്രം പ്രധാനമാണ്. നാം ദൈവത്തിന്റെ കരങ്ങളിലാണ് എന്ന ആത്മവിശ്വാസം വളർത്തിയെടുക്കുക. അതേസമയം തന്നെ ക്ഷമയോടും സ്ഥിരതയോടും കൂടി പുനർനിർമിക്കാനും പുനരാരംഭിക്കാനും നാം പ്രതിജ്ഞാബദ്ധരാകുകയും ചെയ്യണമെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു.
അതേസമയം അവിശ്വാസത്തിന്റെ കളകൾ സഭയിലും വേരുപിടിച്ചേക്കാമെന്ന് പാപ്പാ പറഞ്ഞു. അത് പ്രത്യേകിച്ചും വിശ്വാസ പ്രതിസന്ധിക്കും വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും പരാജയത്തിനും കാരണമായേക്കാം. എന്നാൽ വിതച്ചതിന്റെ ഫലങ്ങൾ നമ്മുടെ കഴിവുകളെ ആശ്രയിച്ചല്ല എന്നത് നാം ഒരിക്കലും മറക്കരുത്. അവ ദൈവത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു.
വിതയ്ക്കുക നമ്മുടെ കടമയാണ്, സ്നേഹത്തോടും പ്രതിജ്ഞാബദ്ധതയോടും ക്ഷമയോടും കൂടി വിതയ്ക്കുക. എന്നാൽ വിത്തിന്റെ ശക്തി ദൈവികമാണ്. കൃഷിക്കാരൻ വിത്തെറിയുന്നു അത് എങ്ങനെ ഫലം പുറപ്പെടുവിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. കാരണം അവനറിയാതെയാണ് വിത്ത് രാത്രിയും പകലും സ്വമേധയാ വളരുന്നത് (മര്‍ക്കോസ് 4,26-29). ദൈവസാന്നിധ്യം വരണ്ട മണ്ണിൽ പോലും എപ്പോഴും പുതിയ ചെടി തളിരിടുന്നത് സാധ്യമാക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പാപ്പാ പറഞ്ഞു.
കർത്താവിന്റെ എളിയ ദാസിയായ ഏറ്റം പരിശുദ്ധയായ മറിയം, ചെറിയ കാര്യങ്ങളില്‍ പ്രവർത്തിക്കുന്ന ദൈവത്തിന്റെ മഹത്വം കാണാനും നിരാശയാകുന്ന പ്രലോഭനത്തെ ജയിക്കാനും നമ്മെ പഠിപ്പിക്കട്ടെയെന്ന് മാർപാപ്പ ആശംസിച്ചു. അനുദിനം നമുക്ക് അവിടന്നില്‍ വിശ്വാസമര്‍പ്പിക്കാമെന്ന് എല്ലാവരോടും ആഹ്വാനം ചെയ്ത പാപ്പാ കർത്താവിന്റെ മാലാഖ എന്ന പ്രാർത്ഥനയോടുകൂടി തന്റെ സന്ദേശം അവസാനിപ്പിക്കുകയും എല്ലാവർക്കും ആശീർവാദം നൽകുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.