തിരുവനന്തപുരം: കോവിഡ് ഭേദമായവരിൽ ക്ഷയരോഗസാധ്യത കൂടുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. നാലാഴ്ചയ്ക്കുള്ളിൽ ഇതുവരെ സംസ്ഥാനത്ത് പത്തുപേർക്കാണ് ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് ബാധിച്ചതുകാരണം പലർക്കും പ്രതിരോധശേഷി കാര്യമായി കുറയുന്നുണ്ട്. ഇതും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനവും കോവിഡ് കാരണം ഗുരുതരാവസ്ഥയിലുള്ളവർക്ക് നൽകുന്ന മരുന്നുകളുടെ പ്രതിപ്രവർത്തനവും ക്ഷയരോഗബാധയ്ക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗം ഭേദമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമാകുന്നതും രോഗബാധയ്ക്കുള്ള സാധ്യതയേറ്റുന്നു. ഇത്തരക്കാർക്ക് രോഗബാധയ്ക്കുള്ള സാധ്യത മൂന്നിരട്ടിവരെ കൂടുതലാണ്. പലരും രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും അപകടനിലയുണ്ടാക്കുന്നു.
കഫത്തോടെയുള്ള ചുമ, ശരീരഭാരം കുറയൽ, പനി വിട്ടുമാറാത്ത അവസ്ഥ എന്നിവയുള്ള കോവിഡ് ഭേദമായവർ നിർബന്ധമായും ക്ഷയരോഗപരിശോധനയ്ക്കു വിധേയരാകണം. ക്ഷയരോഗലക്ഷണങ്ങൾ കോവിഡ് ബാധിതരിൽ പലർക്കും കാണുന്നുണ്ടെങ്കിലും സ്വാഭാവിക പ്രതിരോധശേഷികൊണ്ട് ഭൂരിഭാഗംപേരും രോഗത്തെ അതിജീവിക്കുകയാണ്. ലക്ഷണങ്ങളുമായി എത്തുന്നവരെ വിദഗ്ധപരിശോധനയ്ക്കു വിധേയരാക്കും. ടെലിഫോൺ വഴിയും ചികിത്സാനിർദേശങ്ങൾ നൽകുന്നുണ്ട്.
കോവിഡിനെത്തുടർന്ന് ന്യുമോണിയ ബാധിക്കുന്നവർക്കും ക്ഷയരോഗസാധ്യത ഏറെയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധനടപടികളുടെ ഭാഗമായി കോവിഡനന്തര ചികിത്സാകേന്ദ്രങ്ങളിൽ ക്ഷയരോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ പരിശോധനാസൗകര്യം ഏർപ്പെടുത്തിത്തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.