കോട്ടയം : ന്യൂനപക്ഷ സ്കോളർഷിപ് വിതരണത്തിൽ നിലനിന്നിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടിവിധി നടപ്പാക്കാതെ സ്കോളർഷിപ് വിതരണം വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു. പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കെ കോടതിയുത്തരവിന്റെ പേരിൽ സ്കോളർഷിപ് വിതരണം വൈകിക്കുന്നത്, സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്നു പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർക്ക് കുടപിടിക്കലാകും എന്ന് അദ്ദേഹം സർക്കാരിനെ ഓർമിപ്പിച്ചു.
ഒരു വ്യക്തി ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ പ്രത്യേക പരിഗണന നൽകാനോ അവഗണിച്ചു മാറ്റിനിർത്തപ്പെടാനോ സാധ്യമല്ല. മാത്രവുമല്ല, ഭരണഘടനയുടെ ആർട്ടിക്കിൾ 27 നികുതിദായകരുടെ പണം ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രോത്സാഹനത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നു. എസ്.ആർ. ബൊമ്മ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം പരാമർശിച്ചുകൊണ്ട് അഡ്വ. ജസ്റ്റിൻ, 80 :20 യിലെ ഭരണഘടനാ ലംഘനം തുറന്നു കാട്ടി .
കേരളത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കിക്കൊണ്ടിരുന്ന, ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടിയുള്ള സ്കോളർഷിപ് വിതരണത്തിൽ നാളുകളായി സ്വീകരിച്ചു വന്നിരുന്ന വിവേചനപരമായ 80:20 എന്ന അനുപാതമാണ് കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഭരണഘടനയുടെ 14, 15, 29, 30 ആർട്ടിക്കിളുകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത് എന്നും കൂടാതെ, 1992-ലെ ദേശീയ ന്യൂനപക്ഷക്ഷേമ നിയമവും 2014- ലെ കേരളസംസ്ഥാന ന്യൂനപക്ഷക്ഷേമ നിയമവും പ്രകടമായി ലംഘിക്കപ്പെട്ടു എന്നും കോടതി കണ്ടെത്തി.
മതങ്ങളുടെ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന അനുശാസനം ഉള്ളതിനാൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാത്രമായി ഒന്നും ചെയ്യുവാൻ ന്യൂനപക്ഷക്ഷേമവകുപ്പിനു സാധ്യമല്ല. അതിനാൽ എല്ലാ മതന്യൂനപക്ഷവിഭാഗങ്ങൾക്കും തുല്യ പരിഗണന ലഭിക്കാതെ ഒരു ക്ഷേമപദ്ധതിയും നടപ്പിലാക്കാൻ ന്യൂനപക്ഷക്ഷേമ വകുപ്പിനോ സംസ്ഥാന സർക്കാരിനോ സാധ്യമല്ല.
കോടതി വിധിയിലൂടെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ നിലനിന്നിരുന്ന 80:20 എന്ന വിവേചനപരമായ അനുപാതത്തെ മാത്രമാണ് റദ്ദാക്കിയിരിക്കുന്നത്. വിധിയിലൂടെ സ്കോളർഷിപ് തന്നെ ഇല്ലാതായി എന്നുള്ള പ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതിനായി മാത്രം ഉള്ളതാണ് എന്നും അദ്ദേഹം വിശദമാക്കി .
വലിയൊരു അനീതി ഹൈക്കോടതി തുറന്നുകാട്ടിയിട്ടും അതംഗീകരിക്കാൻ കൂട്ടാക്കാതെ മറികടക്കാൻ മറുവഴികൾ തേടാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ പോരാട്ടം തുടരുകതന്നെ ചെയ്യും എന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.