ന്യുഡല്‍ഹി: ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണ്‍ സര്‍വ്വേ നിര്‍ബന്ധമാക്കി ദേശീയപാത അതോറിറ്റി. പാതയുടെ വികസനം, നിര്‍മ്മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിങ്, ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി.
പദ്ധതികളുടെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തില്‍, കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വീഡിയോ റെക്കോര്‍ഡിങ് നടത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു മാസത്തെയും കഴിഞ്ഞ മാസത്തെയും ദൃശ്യങ്ങള്‍ 'NHAI' യുടെ ഡാറ്റ ലേക്ക് (Data Lake) പോര്‍ട്ടലില്‍ സമര്‍പ്പിക്കണം.
പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം നല്‍കുന്ന ഉദ്യോഗസ്ഥര്‍ (സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റ്) ഈ വീഡിയോ ദൃശ്യങ്ങള്‍ വിലയിരുത്തിയശേഷം പ്രതിമാസ ഡിജിറ്റല്‍ പുരോഗതി റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശങ്ങളും നല്‍കും. കൂടാതെ പദ്ധതികളുടെ നേരിട്ടുള്ള പരിശോധന സമയത്ത് NHAI ഉദ്യോഗസ്ഥര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിക്കും. കരാര്‍ ഒപ്പുവയ്ക്കുന്ന തീയതിമുതല്‍ നിര്‍മ്മാണം തുടങ്ങുന്ന ദിവസം വരെയും, പദ്ധതി നിര്‍മാണം പൂര്‍ത്തീകരിക്കുന്ന സമയത്തും NHAI പ്രൊജക്ട് ഡയറക്ടര്‍മാര്‍ പ്രതിമാസ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നതാണ്. നടത്തിപ്പ്, പാലനം എന്നിവയുടെ ചുമതലയുള്ള പണി പൂര്‍ത്തിയായ പദ്ധതികളിലും NHAI പ്രതിമാസ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നതാണ്.
ഡാറ്റാ ലേക്ക് സംവിധാനത്തില്‍ സ്ഥിരമായി ഈ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍, തര്‍ക്കപരിഹാര ട്രിബ്യൂണലുകളിലും കോടതികളിലും നടക്കുന്ന തര്‍ക്കപരിഹാര വ്യവഹാരങ്ങളില്‍ ഇവ തെളിവായും ഉപയോഗിക്കാന്‍ സാധിക്കും. ഇതിനുപുറമേ ദേശീയ പാതകളിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നതിന് നെറ്റ്വര്‍ക്ക് സര്‍വ്വേ വെഹിക്കിളുകള്‍ (NSV) വിന്യസിക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ ദേശീയപാതകളുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കും. ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ ക്യാമറ, ലേസര്‍ റോഡ് പ്രൊഫൈലോമീറ്റര്‍ തുടങ്ങിയ അത്യാധുനിക സര്‍വ്വേ സാങ്കേതികവിദ്യകളാണ് റോഡുകളുടെ ഉപരിതലം പരിശോധിക്കുന്നതിനായി ഉപയോഗപ്പെടുത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.