കല്‍പ്പറ്റ: മരംമുറി ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇപ്പോഴും ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
അതിന് തയ്യാറായില്ലെങ്കില്‍ സമര പരിപാടികളെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മരംകൊളള നടന്ന വയനാട്ടിലെ പ്രതിപക്ഷ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം കൊള്ളയിലെ ഭയാനകദൃശ്യം ആണ് വയനാട്ടില്‍ കണ്ടത്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ എങ്കിലും സമാനമായ മരം കൊള്ള നടന്നിട്ടുണ്ട്. കര്‍ഷകരെ മറയാക്കി വന്‍കിട മാഫിയകള്‍ക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ് ഇത്രയും വലിയ കൊള്ള നടന്നത്. വിവാദമായ ഉത്തരവില്‍ ഒരു സദുദ്ദേശ്യവും ഇല്ല. പട്ടികജാതി പട്ടിക വര്‍ഗത്തില്‍പ്പെട്ട പാവപ്പെട്ടവരുടെ ഭൂമിയില്‍ നിന്നും അവരെ കബളിപ്പിച്ചാണ് മരം മുറിച്ച് മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്റെ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രന്‍ ശ്രമിക്കുന്നത്. വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും വയനാട്ടില്‍ മരംമുറി നടന്നിട്ടിണ്ട്. വിവാദ ഉത്തരവില്‍ മന്ത്രിസഭാംഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. കര്‍ഷകരെ മുന്നില്‍നിര്‍ത്തി വനം കൊള്ളക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.