ഭോപ്പാല്‍: വിലപിടിപ്പുള്ള വസ്തുക്കള്‍ കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കാറുണ്ട്. വിലപിടിപ്പുള്ള വസ്തു കൃഷിത്തോട്ടത്തിലെ മാവിലാണ് ഇരിക്കുന്നതെങ്കിലോ? ചുറ്റും കാവല്‍ക്കാരെ വയ്ക്കാതെ എന്തു ചെയ്യും. മധ്യപ്രദേശിലെ ജബല്‍പുരില്‍ സങ്കല്‍പ് പരിഹാസും ഭാര്യ റാണിയും തങ്ങളുടെ തോട്ടത്തിലെ രണ്ട് മാവുകള്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിലപിടിപ്പുള്ള വസ്തു എന്താണെന്നല്ലേ, മാവില്‍ കായ്ച്ചുകിടക്കുന്ന മാമ്പഴങ്ങള്‍ തന്നെ. ലോകത്തിലെ ഏറ്റവും വിലപിടിപ്പും രുചികരവുമായ മിയാസാക്കി മാമ്പഴങ്ങളാണ് വിളഞ്ഞ് പാകമായിരിക്കുന്നത്. കിലോയ്ക്ക് 2.7 ലക്ഷം രൂപ വരെയാണ് അന്താരാഷ്ട്ര വിപണിയില്‍ മിയാസാക്കി മാമ്പഴത്തിന്റെ വില. മാവുകളുടെ സംരക്ഷണത്തിനായി ഈ ദമ്പതിമാര്‍ നാല് കാവല്‍ക്കാരെയും ആറ് നായക്കളെയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
കുറച്ചുനാള്‍ മുമ്പ് ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് സഹയാത്രികന്‍ മാവിന്‍തൈകള്‍ സമ്മാനിച്ചത്. കൃഷിയില്‍ തത്പരനായ സങ്കല്‍പ് മാവിന്‍തൈകള്‍ വീട്ടിലെ തോട്ടത്തില്‍ നട്ടുവളര്‍ത്തി. സാധാരണ മാവുകളെന്ന മട്ടിലായിരുന്നു പരിപാലനം. മാവുകള്‍ കായ്ച്ചു തുടങ്ങിയപ്പോള്‍ ഇവര്‍ ശരിക്കും അമ്പരന്നു. സാധാരണ മാങ്ങകള്‍ക്കുള്ള പോലെ പച്ചയോ മഞ്ഞയോ നിറമല്ല. പകരം ചുവപ്പ് നിറമായിരുന്നു ഇവയ്ക്ക്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കിട്ടിയത് വിലപിടിച്ച വസ്തുവാണെന്നു മനസിലായത്.
 

അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്‍ഡും വിലയുമുള്ള മിയാസാക്കി മാമ്പഴത്തിന്റെ ജന്മദേശം ജപ്പാനാണ്. അതുകൊണ്ടാണ് ജപ്പാന്‍ നഗരമായി മിയാസാക്കിയുടെ പേര് ലഭിച്ചത്. ബീറ്റ-കരോട്ടിന്‍, ഫോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉത്തമ കലവറയാണ് മിയാസാക്കി. ഈയിനം മാമ്പഴം കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആകര്‍ഷകമായ നിറവും സ്വാദും മിയാസാക്കിയുടെ ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഏറ്റവും കുറഞ്ഞത് 350 ഗ്രാമെങ്കിലും തൂക്കം വരും ഒരു മാമ്പഴത്തിന്. ജപ്പാനു പുറമെ തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഇന്ത്യയിലും ഇതിന്റെ കൃഷിയുണ്ട്.
കഴിഞ്ഞ കൊല്ലം ഈ അപൂര്‍വ മാങ്ങകള്‍ കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ തോട്ടത്തില്‍ കടന്നതായും അതിനെ തുടര്‍ന്നാണ് ഇക്കൊല്ലം കാവല്‍ ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മാമ്പഴത്തിന് നിരവധി ആവശ്യക്കാരുണ്ടെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യക്കാര്‍ മാമ്പഴം ബുക്ക് ചെയ്തതായും സങ്കല്‍പും റാണിയും അറിയിച്ചു. ഗുജറാത്തില്‍ നിന്നുള്ള ഒരു വ്യാപാരി ഓരോ മാമ്പഴത്തിനും 21,000 രൂപ ഓഫര്‍ ചെയ്തതായും ദമ്പതികള്‍ പറയുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.