വത്തിക്കാന്‍ സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോക മതനേതാക്കളെയും ശാസ്ത്രജ്ഞരെയും ഒരു വേദിയില്‍ കൊണ്ടുവരുന്ന ചരിത്രപരമായ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി വത്തിക്കാന്‍. മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തെ ഏറെ സൂക്ഷ്മതയോടെയാണ് വത്തിക്കാന്‍ നിരീക്ഷിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 12 വരെ ബ്രിട്ടനില്‍ നടക്കുന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിക്കു (COP26) മുന്നോടിയായാണ് വത്തിക്കാനില്‍ വിശ്വാസവും ശാസ്ത്രവും എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ നാലിന് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
വത്തിക്കാനിലെ ബ്രിട്ടീഷ്, ഇറ്റാലിയന്‍ എംബസികള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോകത്തെ നാല്‍പതോളം പ്രമുഖ മതനേതാക്കളും 10 പ്രശസ്തരായ ശാസ്ത്രജ്ഞരും പങ്കെടുക്കും. സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം. പ്രകൃതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഭാവി തലമുറകളില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പ തന്റെ നിലപാടും ആശങ്കയും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശങ്ക ഉള്‍ക്കൊണ്ടാണ് മതനേതാക്കളെയും ശാസ്ത്രജ്ഞരെയും ഒരുമിച്ചു കൊണ്ടുവരുന്ന സുപ്രധാന സമ്മേളനത്തിന് വത്തിക്കാനില്‍ വേദിയൊരുങ്ങുന്നത്.
സമ്മേളനത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങളും ആശങ്കകളും നിര്‍ദേശങ്ങളും സംയുക്ത അപ്പീലായി സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിക്കു കൈമാറാനാണ് തീരുമാനമെന്നു വത്തിക്കാനിലെ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗെര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബറില്‍ നടക്കുന്ന യു.എന്‍ സമ്മേളനത്തിലേക്കു പാപ്പയെ ക്ഷണിച്ചിട്ടുണ്ട്. മതനേതാക്കള്‍ തങ്ങളുടെ രാജ്യങ്ങളിലെ രാഷ്ടീയനേതാക്കളെ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ യു.എന്‍ ഉച്ചകോടിയില്‍ ശക്തമായ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സാമ്പത്തിക, സാമൂഹിക, ഭക്ഷ്യ പ്രതിസന്ധികള്‍ ഒരു കൊടുങ്കാറ്റു പോലെ മനുഷ്യരാശിക്കെതിരേ ആഞ്ഞടിക്കുകയാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരമാണിത്. അടിയന്തരമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് കാലഘട്ടം നമുക്കു കാണിച്ചുതരുന്നത്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് പോസിറ്റീവ് ഫലം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതാപനം കുറയ്ക്കാനുള്ള 2015-ലെ യുഎന്‍ പാരീസ് കരാറിന്റെ ലക്ഷ്യങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി പിന്തുണച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാപ്പ ചാക്രിക ലേഖനം പുറപ്പെടുവിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാനും എല്ലാം പാഴാക്കുന്ന ജീവിതശൈലി വെടിയാനും ആഗോളതാപനം തടയാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളില്‍ നിന്ന് ദരിദ്രരെ സംരക്ഷിക്കാനും പാപ്പ ചാക്രിക ലേഖനത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26