മലയാളത്തിന്റെ വായനാ സംസ്കാരം ദേശീയ തലത്തിലേക്കുയർത്തിയ പി എൻ പണിക്കർ

മലയാളത്തിന്റെ വായനാ സംസ്കാരം ദേശീയ തലത്തിലേക്കുയർത്തിയ പി എൻ പണിക്കർ

ഇന്ന് വായനാദിനമാണ്. 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരളത്തിന്റെ വായനാ ദിവസം 2017 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ വായനാ ദിനമായി പ്രഖ്യാപിച്ചത് മുതൽ മലയാളത്തിന്റെ വായനയുടെ പെരുമ ദേശീയ തലത്തിലേക്ക് ഉയർന്നു.

വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടനാട്ടിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് ഒന്നിനായിരുന്നു പുതുവായിൽ നാരായണ പണിക്കര്‍ എന്ന പി എൻ പണിക്കരുടെ ജനനം. 1995 ജൂൺ 19നാണ് അദ്ദേഹം അന്തരിച്ചത്.തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

പിഎൻ പണിക്കര്‍ ഗ്രന്ധശാലാ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് തിരുവിതാംകൂറിലെ ലൈബ്രറികള്‍ക്ക് ഒരു പൊതുരൂപം ഇല്ലായിരുന്നു. 1945ൽ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ധശാലയിൽ അദ്ദേഹം വിളിച്ചു ചേര്‍ത്ത ഗ്രന്ഥശാലാ സംഘത്തിൻ്റെ രൂപീകരണയോഗത്തിൽ 47 ലൈബ്രറികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. ഈ സംഘത്തിന് അംഗീകാരം ലഭിച്ചതോടെ 1646 മുതൽ 250 രൂപ പ്രവര്‍ത്തന ഗ്രാൻ്റ് ലഭിക്കാനും തുടങ്ങി. തുടര്‍ന്ന് 1977ൽ ഗ്രന്ഥശാലാ സഘം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു വരെ സംഘടനയുടെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.   

സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും പിഎന്‍ പണിക്കരുടെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 പി.എൻ. പണിക്കരുടെ ഓർമയ്ക്ക് 2004 ജൂൺ 19നു ഇന്ത്യൻ തപാൽ വകുപ്പ്    അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.