മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല: പിണറായിക്ക് മറുപടിയുമായി സുധാകരന്‍

മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി ഇട്ടെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല: പിണറായിക്ക് മറുപടിയുമായി സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്നനും ലേഖകന്‍ ചെയ്ത ചതിയാണിതെന്നും സുധാകരന്‍ പറഞ്ഞു. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്.

പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം തനിക്കില്ല. പി.ആര്‍ ഏജന്‍സിയുടെ കൂട്ടില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേതാണെന്നും സുധാകരന്‍ പറഞ്ഞു.

അതിനാല്‍ പിണറായി പറഞ്ഞ അതേ രീതിയില്‍ മറുപടി പറയാനാകില്ല. താന്‍ ഇരിക്കുന്ന പദവിയുടെ നിലവാരത്തില്‍ നിന്നും താഴാന്‍ കഴിയില്ല. ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്‌നനാക്കി നടത്തിയെന്ന ആരോപണം തെറ്റ്. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം.

പിണറായി വിജയനുമായി വളരെക്കാലം മുമ്പേ ബന്ധമുണ്ട്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നതിന് മുമ്പേ തന്നെ പിണറായിയെ തനിക്കും തനിക്ക് പിണറായിയെയും അറിയാം. ഇത്തരം സംസ്‌കാര ശൂന്യമായ പ്രതികരണം കേരളത്തിന്റെ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല.

വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പേപ്പറില്‍ എഴുതിയതാണ് വായിച്ചത്. സ്വന്തം അനുഭവം പേപ്പറില്‍ എഴുതി വായിക്കേണ്ടതുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. താന്‍ പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന കാര്യം അദേഹത്തെ അറിയിച്ചത് സുധാകരന്റെ ഫിനാന്‍ഷ്യര്‍ ആണെന്നാണ് പറഞ്ഞത്. എന്തുകൊണ്ട് ഇയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലേയെന്നും സുധാകരന്‍ ചോദിച്ചു.

വിദേശ കറന്‍സി ഇടപാട് നടത്തിയത് താനല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. അത് ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലേ. മുഖ്യമന്ത്രിയുെട നേതൃത്വത്തിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് ജനങ്ങള്‍ക്കറിയാം. വിദേശത്ത് പോയപ്പോഴെല്ലാം സ്വപ്ന സുരേഷും കൂടെയുണ്ടായിരുന്നു. എന്നിട്ട് വിവാദമുയര്‍ന്നപ്പോള്‍ സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാളാണ് പിണറായി. എങ്ങനെ ഇത് പറയാന്‍ സാധിച്ചു.

ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ. സിപിഎം അക്രമത്തില്‍ ഇരയായ കണ്ണൂര്‍ ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപിയും സുധാകരനോടൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു. പിണറായി വിജയന്‍ തന്നെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച പാടാണ് ഇതെന്ന് കൈ കാണിച്ച് അദേഹം പറഞ്ഞു.

ജനസംഘം പ്രവര്‍ത്തകനായ വാടിയ്ക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് പിണറായി വിജയനെന്ന് എഫ്.ഐ.ആറിന്റെ കോപ്പി ഉയര്‍ത്തി കാണിച്ച് സുധാകരന്‍ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

ചീഞ്ഞളിഞ്ഞ വിദ്വേഷമുള്ള മനസല്ല, തുറന്ന മനസാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. എതെങ്കിലും ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.